മുഖത്ത് ആഴമുള്ള മുറിവ്, തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു; നിഹാലിന്റെ സംസ്‌കാരം ഇന്ന്

വീടിന് അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്

രേണുക വേണു| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (10:09 IST)

കണ്ണൂരില്‍ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന 11 വയസ്സുകാരന്‍ നിഹാല്‍ നൗഷാദിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തലശേറി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. വിദേശത്തുള്ള പിതാവ് നൗഷാദ് മരണവാര്‍ത്ത അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

വീടിന് അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാല്‍. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാര്‍ന്ന് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. രാത്രി എട്ടരയ്ക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതാണ് നിഹാലിന്റെ മരണകാരണമെന്നാണ് സൂചന. സംസാരിക്കാന്‍ കഴിയാത്തതിനാല്‍ നായ്ക്കള്‍ ആക്രമിച്ചപ്പോള്‍ ശബ്ദമുണ്ടാക്കാന്‍ പോലും നിഹാലിന് സാധിച്ചില്ല. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :