വണ്ടിയോടിക്കുമ്പോള്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിക്കാമോ? എട്ടിന്റെ പണി കിട്ടുമെന്ന് പൊലീസ്

രേണുക വേണു| Last Modified ബുധന്‍, 30 ജൂണ്‍ 2021 (08:19 IST)

ഫോണ്‍ ചെവിയില്‍ വച്ച് വണ്ടി ഓടിക്കുന്ന യുവാക്കളെ നാം ദിനംപ്രതി കാണാറുണ്ട്. ഇത്തരക്കാരെ പൊലീസ് പൊക്കാന്‍ തുടങ്ങിയപ്പോള്‍ പുതിയ അടവുമായി യുവാക്കള്‍ എത്തി. വയര്‍ലെസ് സംവിധാനം ഉപയോഗിച്ച് വണ്ടിയോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കാമോ എന്നാണ് ഇപ്പോള്‍ പലരുടെയും സംശയം. പലരും വയര്‍ലെസ് സംവിധാനം ഉപയോഗിച്ച് ഫോണില്‍ സംസാരിച്ച് വണ്ടിയോടിക്കുന്നതും നാം കാണാറുണ്ട്.

എന്നാല്‍, വണ്ടിയോടിക്കുമ്പോള്‍ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാലും പൊലീസ് പിടിക്കും. 'ഹാന്‍ഡ്‌സ് ഫ്രീ' ആയതുകൊണ്ട് മാത്രം ഇളവുകിട്ടില്ലെന്നും സംശയം തോന്നിയാല്‍, ഫോണ്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പോലും മടിക്കില്ലെന്നും പൊലീസ് അറിയിച്ചു.

ബ്ലൂടൂത്ത് വഴി സംസാരിച്ചാലും ഫോണ്‍ കൈയില്‍പ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷ തന്നെ നേരിടേണ്ടിവരും. വാഹനം നിര്‍ത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. ബ്ലൂടൂത്ത് വഴി സംസാരിക്കുന്നത് കണ്ടാല്‍ മാത്രമേ പൊലീസ് നടപടിയെടുക്കൂ. ബ്ലൂടൂത്ത് വഴി സംസാരിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ നിഷേധിച്ചാല്‍ പൊലീസ് കോള്‍ ഹിസ്റ്ററി പരിശോധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :