50 ലക്ഷത്തിന്റെ കള്ളപ്പണം പിടിച്ചു ബാങ്കിൽ എത്തിയപ്പോൾ പത്ത് ലക്ഷം കാണാതായി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (18:58 IST)
വയനാട്: എക്സൈസ് വകുപ്പ് പിടിച്ചെടുത്ത 50 ലക്ഷം രൂപയുടെ കള്ളപ്പണം ബാങ്കിൽ എത്തിച്ചപ്പോൾ പത്ത് ലക്ഷം രൂപ കാണാതായതായി പരാതി. കഴിഞ്ഞ എട്ടാം തീയതി വെളുപ്പിന് തോൽപ്പെട്ടി ചെക്പോസ്റ്റിൽ വച്ച് എക്സൈസ് ഉദ്യോഗസ്ഥർ മധുര സ്വദേശിയിൽ നിന്നാണ് കണക്കിൽപ്പെടാത്ത 50 ലക്ഷം പിടികൂടിയത്.

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പാർട്ടിയും എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് നടത്തിയ വാഹ പരിശോധനയിലാണ് ഇത് പിടികൂടിയത്. ബംഗളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കോൺട്രാക്ട് കാരിയേജ് ബസിലെ യാത്രക്കാരനായ മധുര സ്വദേശി വിജയ് ഭാരതി (40) യിൽ നിന്നാണ് പണം പിടികൂടിയത്. ഇതിനു മതിയായ രേഖകൾ ഇല്ലായിരുന്നു.

ഉദ്യോഗസ്ഥർ പണം എന്നി തിട്ടപ്പെടുത്തി മഹാസാറും തയ്യാറാക്കി. പിന്നീട് ഈ തുക മാനന്തവാടി ജൂഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പണമടങ്ങിയ ബാഗ് എക്‌സൈസിന്റെ കസ്റ്റഡിയിൽ തന്നെ സൂക്ഷിക്കാൻ നൽകി. ഇതിനു ശേഷം ഈ തുകയിൽ കള്ളനോട്ടു വല്ലതും ഉണ്ടോ എന്നറിയാൻ ബാങ്കിൽ എത്തിച്ചു. പക്ഷെ അവിടെ വച്ച് എണ്ണിയപ്പോഴാണ് പത്ത് ലക്ഷം രൂപ കാണാനില്ലെന്ന് കണ്ടെത്തിയത്.

അമ്പതിനായിരം രൂപാ വീതമുള്ള നൂറു കെട്ടുകളായാണ് പണം ബാഗിൽ സൂക്ഷിച്ചിരുന്നത്. നോട്ടുകെട്ടുകൾ എണ്ണിയത്തിൽ വന്ന ശ്രദ്ധക്കുറവാണ് അബദ്ധമുണ്ടായത് എന്നാണു ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ ദുരൂഹത ഉണ്ടായതിനെ തുടർന്ന് എക്സൈസ് അസിസ്റ്റൻഡ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇതിനു മുമ്പ് സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :