രേണുക വേണു|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (15:59 IST)
കുഴല്‍പ്പണ കേസില്‍ ആരോപണ വിധേയനായ കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാന്‍ ആലോചന. സുരേന്ദ്രനെതിരെ ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ നേതൃമാറ്റമാണ് പോംവഴിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളും സുരേന്ദ്രന്‍ തുടരുന്നതില്‍ കേന്ദ്രത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നാല്‍ കേരളത്തില്‍ ബിജെപി കൂടുതല്‍ പ്രതിരോധത്തിലാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. വി.മുരളീധരന്റെ പിന്തുണ സുരേന്ദ്രന് ഉണ്ടെങ്കിലും കേന്ദ്ര നേതൃത്വം അതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ല. സുരേന്ദ്രന്‍ സ്വയം അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുമെന്നാണ് കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്. ആരോപണവിധേയന്‍ ആയതിനാല്‍ അധികാര സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതായി സുരേന്ദ്രന്‍ തന്നെ പ്രഖ്യാപിച്ചാല്‍ അത് പാര്‍ട്ടിക്കും സുരേന്ദ്രനും കൂടുതല്‍ ഗുണകരമാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍, അധ്യക്ഷ സ്ഥാനം വേണ്ടെന്നുവയ്ക്കാന്‍ സുരേന്ദ്രന്‍ ഒരുക്കമല്ല.