കൊല്ലം|
jibin|
Last Modified തിങ്കള്‍, 7 ഡിസംബര്‍ 2015 (14:18 IST)
തുല്യനീതി മാത്രമാണ് ഭാരത് ധർമ ജനസേന (ബിഡിജെഎസ്) ലക്ഷ്യമിടുന്നതെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുതിയ പാര്‍ട്ടി ബിജെപിയുടെ ബി ടീമല്ല. തങ്ങളുടെ ആശയങ്ങളുമായി യോജിക്കുന്ന ആരുമായും സഖ്യമുണ്ടാക്കും. ബിജെപിയുമായി സഖ്യമില്ലാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നത്. കോൺഗ്രസിനും സിപിഎമ്മിനും കാര്യങ്ങൾ മനസിലായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണതേടി അങ്ങോട്ടുപോകില്ലെന്ന്
വെള്ളാപ്പള്ളി നടേശൻ ഞായറാഴ്‌ച വ്യക്തമാക്കിയിരുന്നു. ഇരുവരും തെറ്റുതിരുത്തിയാല്‍ അവരുമായി സഹകരിക്കാൻ ബിഡിജെഎസ് ഒരുക്കമാണ്. ബിജെപിയുമായി സഹകരിക്കുന്നതില്‍ ഒരു തെറ്റും തോന്നുന്നില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.
അബ്ദുൽ നാസർ മദനിയുമായി കൂട്ടുകൂടിയവരും അതിനു ശ്രമിക്കുന്നവരുമാണു മതേതരത്വത്തെക്കുറിച്ചു വലിയ വർത്തനമാനം പറയുന്നത്. താൻ ഒരിക്കലും രാഷ്ട്രീയരംഗത്തേക്കില്ല. ഈ സർക്കാർ മൂന്നു 'കു' (കുഞ്ഞൂഞ്ഞ്, കുഞ്ഞാലിക്കുട്ടി, കുഞ്ഞുമാണി) ആണെന്നു വിശേഷിപ്പിച്ചവർ ഇപ്പോൾ അതു വിഴുങ്ങി. ഇതിൽ ഏതു 'കു' ആണ് ഇല്ലാതായതെന്നു തനിക്കു മനസിലാകുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.