ബാര്‍ കോഴയില്‍ മാണിയെ കോണ്‍ഗ്രസ് പൂട്ടും, മുന്നണിമാറ്റത്തിനായി കേരളാ കോണ്‍ഗ്രസ് എം

തിരുവനന്തപുരം| VISHNU N L| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (14:42 IST)
ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കടുത്ത നിലപാടുകളുമായി ധനമന്ത്രി കെ എം മാണി രംഗത്തെത്തിയതൊടെ മാണിയെ പൂട്ടാന്‍ കോണ്‍ഗ്രസ് കരുക്കല്‍ നീക്കുന്നതായി സൂചന. മാണി, വിഷയത്തില്‍ ഇനിയും നിലപാട് കടുപ്പിച്ചാല്‍ വിജിലന്‍സ് സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ മാണിയുടെ പേര് ഉള്‍ക്കൊള്ളിക്കാനാണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നതെന്നാണ് സൂചന.

എക്സൈസ് മന്ത്രി കെ. ബാബുവിനും മറ്റ് രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും ഒരുനീതി തനിക്ക് മറ്റൊരു നീതി എന്ന രിതീയില്‍ കൂടുതല്‍ പ്രചാരണം കൊടുക്കുകയും അക്കാര്യത്തില്‍ പിടിമുറുക്കുകയും ചെയ്യുന്നത് ചതിയാണെന്ന് നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ഇത്തരം നടപടികള്‍ മാനി നടത്തുന്ന പിന്നില്‍ നിന്ന് കുത്തുന്നതിനു തുല്യമാണെന്ന വികാരം കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ക്ക് പൊതുവായുണ്ട്. ഇതിന് വഴിമരുന്നിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാ‍ണെന്ന വിമര്‍ശനവും ഐ ഗ്രൂപ്പ് പറയാതെ പറയുന്നുമുണ്ട്.

അതേസമയം ബാര്‍കോഴക്കേസില്‍ തനിക്കെതിരെ നിയമപരമായും ധാര്‍മ്മികമായും കേസെടുക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ഇന്നലെ മാണി പറഞ്ഞത് കോണ്‍ഗ്രസ് മന്ത്രിമാരെക്കൂടി ഉദ്ദേശിച്ചാണെന്ന് വ്യക്തം. എന്നാല്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ കൂടുതലയാല്‍ കുറ്റപത്രം വേഗത്തില്‍ തയ്യാറാക്കാന്‍ വിജിലന്‍സില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ ശ്രമിക്കുക.
ബാര്‍ കോഴയില്‍ മാണിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ വിജിലന്‍സിനെ കൊണ്ട് കോടതിയില്‍ കുറ്റപത്രം നല്‍കിക്കാനും പ്രതിപ്പട്ടികയില്‍ ധനമന്ത്രിയെ ഉള്‍പ്പെടുത്താനുമാണ് നീക്കം.

കൂടാതെ വിജിലസിനേക്കോണ്ട് വിളിച്ചു വരുത്തിച്ച് നിരന്തരമായി ചോദ്യം ചെയ്യിക്കണമെന്നും നേതാക്കള്‍ നിര്‍ബന്ധം പിടിക്കുന്നു. അതേസമയം ബാര്‍ കോഴയില്‍ യുഡിഎഫില്‍ ഗൂഡാലോചന നടന്നുവെന്ന് വരുത്തി തീര്‍ത്തുള്ള മുന്നണി മാറ്റമാണ് മാണിയുടെ ലക്ഷ്യം. ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെ കടുത്ത നടപടിയുണ്ടായില്ലെങ്കില്‍ ഇതിനുള്ള പ്രത്യക്ഷ ശ്രമങ്ങളിലേക്ക് കടക്കാനും കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചതായാണ് വിവരങ്ങള്‍. എന്നാല്‍ ഇടതുപക്ഷത്ത് ശക്തമായ എതിര്‍പ്പുയര്‍ത്തുന്ന സിപിഐയുടെ എതിര്‍പ്പ് കുറയ്ക്കാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അവരുടെ സ്ഥാനാര്‍ഥിക്ക് അനുകൂലമായി നിലപാടെടുക്കാനും അണിയറ തീരുമാനങ്ങള്‍ നടക്കുന്നതായി വിവരങ്ങളുണ്ട്.

എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പിന്നെ മാണിക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. രാജിവയ്ക്കേണ്ടിവരും. അത് വീണ്ടും പ്രശ്നത്തിലേക്ക് നീങ്ങും. അതിനാല്‍, നിലവിലുള്ള സാഹചര്യത്തില്‍ മാണിക്ക് കോണ്‍ഗ്രസിനോട് ഇടയാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത് മറികടക്കാന്‍ മുന്നണിമാറ്റമല്ലാതെ മാണിക്ക് വേറെ വഴിയില്ല. ഏതായാലും ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജിനെ പുറത്താക്കുന്ന കാര്യത്തിലെ തീരുമാനം വരുന്നതുവരെ കാത്തിരിക്കും. അതിനപ്പുറത്തേക്ക് ചര്‍ച്ചകള്‍ യുഡിഎഫുമായി മാണി നടത്തില്ല. മാണി കാലുമാറുന്നു എന്ന് തോന്നിയാല്‍ കുറ്റപത്രത്തില്‍ കുടുക്കി മാണിയെ അകത്തക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദ്ദേശമുണ്ടെന്നാണ് വിവരം



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :