ബാര്‍ കോഴക്കേസ്: അന്തിമ റിപ്പോർട്ട് ഇന്ന് കോടതിയിൽ

 ബാര്‍ കോഴക്കേസ് , കെഎം മാണി , ബിജു രമേശ് , വിജിലന്‍സ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (08:28 IST)
ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച അന്തിമ റിപ്പോർട്ടും കേസ് ഡയറിയും കോടതി പരിഗണിക്കും. മാണിക്കെതിരെ കുറ്റപത്രം നല്‍കണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതവിവര റിപ്പോര്‍ട്ടും കോടതി പരിഗണിക്കും.

മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നാണ് അന്വേഷണസംഘം മേധാവി എസ്പി ആർ.സുകേശൻ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ അനുമതി തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചത്. മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കാട്ടി അന്വേഷണഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച വസ്തുതവിവര റിപ്പോര്‍ട്ട് അടക്കം എല്ലാരേഖകളും വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കോടതി ഇന്ന് പരിഗണിക്കും.

ബാര്‍ കോഴക്കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ ഇന്ന് ബോധിപ്പിക്കണമെന്ന് പരാതിക്കാരനായ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോടും പ്രധാനസാക്ഷിയും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടി കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഇരുവർക്കും പറയാനുളളത് കേട്ട ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുളളുവെന്ന് കോടതി വ്യക്തമാക്കുകയും ചെയ്‌തു.

ബാറുമടകളില്‍ നിന്ന് ധനമന്ത്രി മാണി കോഴവാങ്ങിയതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നും, കുറ്റപത്രം സമര്‍പ്പിക്കാന്‍ തക്ക തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :