കൊച്ചി|
Last Modified വ്യാഴം, 15 മെയ് 2014 (13:22 IST)
പലരും പുസ്തകത്തില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നവരാണ്. അല്ലാതെ വീട്ടില്‍ മയില്‍പ്പീലി അലങ്കാര വസ്തുവായി സൂക്ഷിക്കുന്നവരും നിരവധി. എന്നാല്‍ ഇതൊക്കെ ചെയ്യുമ്പോള്‍ ഇനി അല്‍പ്പം സൂക്ഷിച്ചോളൂ. കാരണം മയില്‍പ്പീലി കച്ചവടത്തിന് രാജ്യത്ത് കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നതും മയില്‍പ്പീലിയെടുക്കുന്നതും കര്‍ശനമായി വിലക്കിക്കൊണ്ട് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം ഓഫീസാണ് മെമ്മോറാണ്ടം പുറത്തിറക്കി. മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ മയില്‍പ്പീലി കച്ചവടത്തിനെതിരായ നിയമത്തില്‍ ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പുതിയ മെമ്മോറാണ്ടത്തില്‍ മയില്‍പ്പീലി കച്ചവടത്തിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.
മുന്‍പ് നിയമത്തില്‍ ഇളവ് അനുവദിച്ചിരുന്ന സാഹചര്യത്തില്‍ മയിലുകളെ വ്യാപകമായി കൊല്ലുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പുതിയ ഉത്തരവ്. മയില്‍പ്പീലി ശേഖരം കൈവശമുള്ളവര്‍ അതിന്റെ സ്രോതസ് കാണിയ്ക്കാന്‍ ബാധ്യസ്ഥരാണെന്ന് നിയമത്തില്‍ പറയുന്നുണ്ട്. അനധികൃതമായി മയില്‍പ്പീലി സൂക്ഷിയ്ക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നു. മയില്‍പ്പീലി എടുക്കാനോ മാംസത്തിനുവേണ്ടിയോ മയിലിനെ കൊല്ലാന്‍ പാടില്ല. കൂടാതെ മയിലുകളെ കൊന്ന് എണ്ണയെടുക്കുന്ന സംഘങ്ങളും വ്യാപകമാണ്. ഇവയ്ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.
പക്ഷി പൊഴിച്ചിടുന്ന തൂവലുകളെന്ന വ്യാജേനയാണ് മയില്‍പ്പീലികള്‍ വിറ്റഴിയ്ക്കുന്നത്. എന്നാല്‍ മിക്കപ്പോഴും ഇവ പറിച്ചെടുക്കുന്ന മയില്‍പ്പീലികളാണെന്നതാണ് വാസ്തവം. മയില്‍പ്പീലിയുടെ തണ്ടില്‍ രക്തത്തതിന്റെ അംശം ഉണ്ടോയെന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.