രാജീവ് ഗാന്ധി വധം: പ്രതികളുടെ ശിക്ഷാ ഇളവ് ഭരണഘടനാബഞ്ച് തീരുമാനിക്കട്ടെ

ന്യൂഡല്‍ഹി| webdunia| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (11:34 IST)
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളെ വിട്ടയക്കാനാകില്ലെന്ന് സുപ്രീംകോടതി. ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം പരിഗണിക്കുന്നത് കേസിനെ കൂടുതല്‍ ബാധിക്കുമെന്ന് പറഞ്ഞ കോടതി കേസ് ഭരണഘടനാബഞ്ചിന് വിടുകയും ചെയ്തു.

ഇത്രയും സങ്കീര്‍ണമായ പ്രശ്‌നം പരിഗണനയ്ക്ക് വരുന്നത് ഇതാദ്യമാണെന്നും അതിനാല്‍ അഞ്ചംഗ ഭരണഘടനാബഞ്ച് ഈ കേസ് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ ഇളവുചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നത്.

സുപ്രീം കോടതി വധശിക്ഷയില്‍ ഇളവ് നല്‍കിയ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെയും നേരത്തെ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച നളിനി, ജീവപര്യന്ത്യം തടവുകാരായ റോബര്‍ട്ട് പയസ്, ജയചന്ദ്രന്‍, രവിചന്ദ്രന്‍ എന്നിവരെയും ജയില്‍മോചിതരാക്കാനാണ് ജയലളിത സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :