വെബ്‌ദുനിയ ലേഖകൻ|
Last Modified ശനി, 7 മാര്‍ച്ച് 2020 (16:29 IST)
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിൽ അഭിഭാഷകൻ അടിയേറ്റ് മരിച്ചു. മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുണ്ടായ തർക്കാം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അങ്ങാടിക്കല്‍ ശാലേം നഗറില്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ എബ്രഹാം വര്‍ഗ്ഗീസ് (65) ആണ് കൊല്ലപ്പെട്ടത്. ചെങ്ങന്നൂർ കോടയിയിലെ അഭിഭാഷകനായിരുന്നു മരിച്ച എബ്രഹാം വര്‍ഗ്ഗീസ്.
കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. വീട്ടിലെ മാലിന്യങ്ങൾ ശബരിമല വില്ലേജ് റോഡിലെ അങ്ങാടിക്കൽ ഭാഗത്ത് എബ്രഹാം നിക്ഷേപിച്ചിരുന്നു. അവിടെവച്ച് ചെറുപ്പക്കാർ എബ്രഹാമിനെ തടയുകയായിരുന്നു. ബൈക്ക് നിർത്താതെ പോയ എബ്രഹാമിനെ രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തി തടഞ്ഞുനിർത്തിയ ശേഷം എബ്രഹാം ധരിച്ചിരുന്ന ഹെൽമെറ്റുകൊണ്ട് തലക്ക് അടിക്കുകയായിരുന്നു.
അടിയേറ്റ് എബ്രഹാം വീഴുന്നത് സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബോധരഹിതനായ എബ്രഹാമിനെ ചെറുപ്പക്കാർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെനിന്നും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.