ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 നവം‌ബര്‍ 2024 (15:38 IST)
ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങിയ
ഓട്ടോ ഡ്രൈവര്‍ക്ക് എംവിഡി നല്‍കിയത് 5500 രൂപയുടെ പിഴ. പുതുവൈപ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പ്രജിത്തിനാണ് പിഴ ലഭിച്ചത്. യാത്രക്കാരന്‍ ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് ഓട്ടോ ഡ്രൈവര്‍ക്ക് പണി കിട്ടിയത്. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. പരാതിക്കാരനായ റോബി തോമസ് കുടുംബവുമൊത്ത് ബീച്ചില്‍ നിന്ന് പാലാരിവട്ടത്തേക്ക് പോകുന്നതിനു വേണ്ടി പ്രജിത്തിന്റെ ഓട്ടോയില്‍ കയറുകയായിരുന്നു. പതിമൂന്നരകിലോമീറ്റര്‍ ഓടിയശേഷം യാത്രക്കാരനോട് 420 രൂപ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ 350 രൂപയാണ് യഥാര്‍ത്ഥത്തില്‍ ഓട്ടോക്കൂലിയായിട്ടുള്ളത്. തുടര്‍ന്ന് തര്‍ക്കം ആവുകയും ഓട്ടോയ്ക്ക് 400 രൂപ കൊടുക്കുകയും ചെയ്തു. പിന്നാലെ ഗതാഗത മന്ത്രിക്ക് യാത്രക്കാരന്‍ ഇമെയില്‍ വഴി പരാതി അയക്കുകയായിരുന്നു. പരാതി എംവിഡിക്ക് കൈമാറുകയും മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി ഓട്ടോ ഡ്രൈവറെ പൊക്കുകയുമായിരുന്നു. ഓട്ടോയില്‍ രൂപ മാറ്റം വരുത്തിയതിനും ചേര്‍ത്താണ് 5500 രൂപ പിഴ ചുമത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :