ആറ്റിങ്ങല്‍ കൊലപാതക കേസില്‍ നിര്‍ണ്ണായകമായത് ദൃശ്യങ്ങളും സന്ദേശങ്ങളും

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ കൊലപാതക കേസില്‍ നിര്‍ണ്ണായകമായത് ദൃശ്യങ്ങളും സന്ദേശങ്ങളും.

ആറ്റിങ്ങല്‍, കൊലപാതകം attingal, murder
ആറ്റിങ്ങല്‍| സജിത്ത്| Last Modified ശനി, 16 ഏപ്രില്‍ 2016 (13:00 IST)
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ കൊലപാതക കേസില്‍ നിര്‍ണ്ണായകമായത് ദൃശ്യങ്ങളും സന്ദേശങ്ങളും. ടെക്‌നോപാര്‍ക്ക് ജീവനക്കാരായ അനുശാന്തി, നിനോ മാത്യു എന്നിവര്‍ ഒരുമിച്ചു ജീവിക്കുന്നതിനു വേണ്ടി അനുശാന്തിയുടെ മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ലിജീഷ് രക്ഷപ്പെടുകയായിരുന്നു. നിനോ മാത്യുവിനെതിരെ കൊലപാതകം, ഗൂഢാലോചനാക്കുറ്റം എന്നിവ തെളിഞ്ഞതായും അനുശാന്തിക്കെതിരെ ഗൂഢാലോചനാക്കുറ്റം തെളിഞ്ഞതായും കോടതി നിരീക്ഷിച്ചു.

കൊലപാതകത്തിനു മുമ്പായി നിനോ മാത്യു കഴക്കൂട്ടത്തുള്ള ഒരു കടയില്‍ നിന്നും ചെരുപ്പ് വാങ്ങിച്ചിരുന്നു. കടയിലെ സി സി ടി വിയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതും നിര്‍ണ്ണായകമായ തെളിവായി മാറി. വെറും മൂന്ന് മിനിറ്റിനുള്ളിലാണ് നിനോ കടയില്‍ നിന്നും ചെരുപ്പ് വാങ്ങി പോയത്. കേസിലെ പ്രതികളായ നിനോമാത്യുവും അനുശാന്തിയും 43,000 മെസേജുകളായിരുന്നു 2012 മുതല്‍ പരസ്പരം അയച്ചത്‌. അഞ്ചരമാസത്തോളം നീണ്ട കേസിന്റെ വിചാരണയില്‍ 49 സാക്ഷികളെ വിസ്തരിച്ചു. 2015 സെപ്‌തംബര്‍ എട്ടിനാണ് പ്രതികള്‍ക്ക് കോടതി കുറ്റപത്രം നല്‍കിയത്. 41 തൊണ്ടി മുതലുകളും 85 രേഖകളും കോടതി തെളിവായി സ്വീകരിച്ചിരുന്നു. കൂടാതെ, ഫോട്ടോകളും മെസേജുകളും വീഡിയോ ദൃശ്യങ്ങളും ഫോറന്‍സിക് ലാബില്‍ നിന്നും വീണ്ടെടുത്ത് കോടതിയിലെ അടച്ചിട്ട മുറിയില്‍ വച്ച് പ്രദര്‍ശിപ്പിച്ചതും കേസില്‍ നിര്‍ണ്ണായക തെളിവായി മാറി.

2014 ഏപ്രില്‍ 16ന് കൊല നടത്താനായി നിനോ മാത്യു അനുശാന്തിയുടെ വീട്ടിലെത്തുകയായിരുന്നു. ഇതിനു മുമ്പായി വീടിന്റെ സ്കെച്ചും വീട്ടിലേക്കുള്ള വഴിയും അനുശാന്തി നിനോ മാത്യുവിന് കൈമാറിയിരുന്നു. നിനോ മാത്യു വീട്ടിലെത്തുമ്പോള്‍ അനുശാന്തിയുടെ നാല് വയസുള്ള മകള്‍ സ്വാസ്തികയും ഭര്‍ത്താവ് ലിജീഷിന്റെ മാതാവ് ഓമനയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ലിജീഷിന്റെ സുഹൃത്താണെന്ന് നിനോ പറഞ്ഞതനുസരിച്ച് ഓമന ലിജീഷിനെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ നിനോ നാല് വയസ്സുള്ള കുഞ്ഞിനെയും ഓമനയെയും വെട്ടിക്കൊലപ്പെടുത്തി. തൊട്ട് പിന്നാലെ വീട്ടിലെത്തിയ ലിജീഷിന്റെ മുഖത്ത് നിനോ മുളക്‌പൊടി വിതറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റിയതിനാല്‍ രക്ഷപെടുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :