കൊച്ചി|
സജിത്ത്|
Last Modified വ്യാഴം, 23 ഫെബ്രുവരി 2017 (11:06 IST)
കൊച്ചിയിൽ അർദ്ധരാത്രി നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം ഒരു സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്‍റെ മൊഴി. അക്രമത്തിനിടെ പള്‍സര്‍ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞു.
ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് സംഭവശേഷം പള്‍സര്‍ സുനി തന്നോട് പറഞ്ഞെന്ന് നടി മൊഴില്‍കിയതായും സൂചനയുണ്ട്.
മണികണ്ഠന്‍ ആദ്യം നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്തമായാണ് ഇപ്പോള്‍ വിശദമായ ചോദ്യം ചെയ്യലിനിടെ മണികണ്ഠന്‍റെ പുതിയ വെളിപ്പെടുത്തല്‍.
അതുകൊണ്ടുതന്നെ ഈ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. നടിയ്ക്ക് സുനിയെ മനസ്സിലായതോടെയാണ് സംഭവം ക്വട്ടേഷനാണെന്നും ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും സുനി നടിയോട് പറഞ്ഞതെന്നും മണികണ്ഠന്‍ മൊഴി നല്‍കി.
നടി ആക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോയെന്ന് സുനി നടിയോട് ചോദിച്ചതായും മണികണ്ഠന്‍ പറഞ്ഞു. എന്നാല്‍ ഈ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പിന്നീട് താന്‍ സുനിയോട് ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ അവന്‍ തയാറായില്ലെന്നും മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ പ്രതി മണികണ്ഠനെ പിടികൂടിയത് നിര്‍മാതാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് അറിയിച്ചു. നടിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പള്‍സർ സുനിയുണ്ടാക്കിയ ഒരു കള്ളക്കഥയാകാം ഈ ക്വട്ടേഷന്‍ നാടകമെന്നാണ് പൊലീസിന്‍റെ നിഗമനം.