എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (19:04 IST)
കണ്ണൂർ: വ്യാജ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ 3 പേർ പിടിയിലായി. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് കാസർകോട് സ്വദേശികളായ ഇവർ വിവിധ എ.ടി.എമുകളിൽ നിന്ന് പണം തട്ടിയെടുത്തത്.
കാസർകോട് തളങ്കര സ്വദേശി അബ്ദുൽ സമദാനി (32), രാംദാസ് നഗർ പാറക്കട്ട ക്രോസ് റോഡ് നൗഫീറ മൻസിലിൽ മുഹമ്മദ് നജീബ് (28), സഹോദരൻ മുഹമ്മദ് നുമാൻ (37) എന്നിവരെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കേരളം ബാങ്കിന്റെ മങ്ങാട്ടുപറമ്പ്, പിലാത്തറ എന്നീ എ.ടി.എം കൗണ്ടറുകളിൽ നിന്ന് നാല്പത്തിനായിരത്തിലേറെ രൂപയാണ് വ്യാജ എ.ടി.എം കാർഡുകൾ ഉപയോഗിച്ച ഇവർ പിൻവലിച്ചതായി പോലീസ് കണ്ടെത്തിയത്. എ.ടി.എം കൗണ്ടറുകളിൽ സ്കിമ്മറുകൾ ഉപയോഗിച്ച് ചോർത്തിയെടുക്കുന്ന കാർഡിലെ വിവരങ്ങൾ വച്ചാണ് വ്യാജ എ.ടി.എം കാർഡുകൾ നിർമ്മിച്ചതും പണം തട്ടിയെടുത്തതും.
ഇതിനൊപ്പം കേരള ബാങ്കിന്റെ ചൊക്ലി, കണ്ണൂർ എന്നീ എ.ടി.എം കൗണ്ടറുകളിൽ നിന്ന് ഇവർ തന്നെ വ്യാജ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടിയതായും പൊലീസിന് സംശയമുണ്ട്. വ്യാജ എ.ടി.എം കാർഡുകൾ നിർമിച്ചു നൽകിയ ആളെ കുറിച്ച് പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിയെടുക്കുന്ന പണത്തിന്റെ പകുതി ഇയാൾക്കാണെന്നാണ് പ്രതികൾ പറയുന്നത്.