കോഴിക്കോട്|
aparna shaji|
Last Modified ഞായര്‍, 28 ഓഗസ്റ്റ് 2016 (12:32 IST)
നാദാപുരത്ത് യൂത്ത് ലിഗ് പ്രവർത്തകനായ മുഹമ്മദ് അസ്ലമിനെ വധിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. നാദാപുരം എസ് പി കറുപ്പ സ്വാമിയെയാണ് സ്ഥലം മാറ്റിയത്. കേസ് അവസാനഘട്ടത്തിലേക്ക് കടക്കവെ ആഭ്യന്തര വകുപ്പിന്റേതാണ് ഇടപെടല്‍. സ്ഥലം മാറ്റിയെങ്കിലും എസ് പിയുടെ അടുത്ത പോസിറ്റിംഗിനെ കുറിച്ച് ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. സംഭവത്തില്‍ ഒരാളെകൂടി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ അറസ്റ്റ് ചെയതതെല്ലാം സി പി എമ്മുകാരെ ആണെന്നതാണ് മറ്റൊരു വസ്തുത.
കേസിലെ മുഖ്യപ്രതിയും സി പി എം പ്രവർത്തകനുമായ രമീഷാണു ഇന്നലെ പിടിയിലായത്. നാദാപുരം വെള്ളൂർ സ്വദേശിയാണ് ഇയാൾ. അസ്ലമിനെ പിന്തുടർന്ന് കൊലയാളികൾക്ക് വിവരങ്ങൾ കൈമാറിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ രമീഷിനെ ഇന്ന് നാദാപുരം മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കും. നേരത്തേ രണ്ട് പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണം അന്തിമഘട്ടത്തിലേക്കെത്തി നില്‍ക്കവെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി വിവാദങ്ങള്‍ക്കു വഴി തെളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.