കശ്മീർ: നില തെറ്റിയ പ്രക്ഷോഭത്തിന്റെ അമ്പതാം ദിനം, നഷ്ടം 6400 കോടി

കശ്​മീർ സംഘര്‍ഷത്തിന് അറുതിയില്ലാതെ 50ആം ദിനവും

ശ്രീനഗർ| aparna shaji| Last Modified ഞായര്‍, 28 ഓഗസ്റ്റ് 2016 (10:40 IST)
പ്രശ്നം ചർച്ച ചെയ്യപ്പെടുമ്പോഴും വെടിയൊച്ചകൾ അവസാനിച്ചിരുന്നില്ല. പുല്‍വാമയില്‍ ഒരു പൊലീസുകാരന്‍ അജ്ഞാത ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍, കല്ളെറിഞ്ഞ പ്രക്ഷോഭകരെ സൈന്യം തുരത്തുന്നതിനിടെ കഴിഞ്ഞദിവസം ഝലം നദിയില്‍ വീണുമരിച്ച യുവാവിന്റെ മൃതദേഹവും കണ്ടുകിട്ടി. വറുതിയുടെ അമ്പതാം ദിനത്തിലും ആശങ്കകൾ കെട്ടടങ്ങുന്നില്ല.

സംഘര്‍ഷഭരിതമായ 50 ദിനങ്ങള്‍ കശ്മീര്‍ താഴ്വരക്ക് വരുത്തിവെച്ചത് 6400 കോടി രൂപയുടെ വരുമാനനഷ്ടമാണ്. കര്‍ഫ്യൂ, സമരാഹ്വാനം, നിരോധാജ്ഞ എന്നിവമൂലം ജനജീവിതം സ്തംഭിച്ചത് സാമ്പത്തികവ്യവസ്ഥിതിക്ക് വന്‍ തിരിച്ചടിയായി. കശ്മീന്റെ സാമ്പത്തിക സ്ഥിതിയിൽ പ്രധാന പങ്കുവഹിച്ചത് ടൂറിസമായിരുന്നു. വ്യക്തമായി പറഞ്ഞാൽ കശ്മീരിന്റെ നട്ടെല്ലാണ് വിനോദസഞ്ചാരം. എന്നാൽ ഈ മേഖല കഴിഞ്ഞ 50 ദിനങ്ങളിലും നിശ്ചലമാണ്. കടകളും വ്യാപാര സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. നഷ്ടം നികത്താനാകാത്തത്.

തുറക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ പ്രക്ഷോഭകാരികള്‍ അടപ്പിക്കുന്നതായും പരാതിയുണ്ട്. സുരക്ഷാസൈനികരും കടകള്‍ അടപ്പിക്കുന്നുണ്ട്. നികുതിപിരിവ് കൃത്യമായി നടക്കാത്തതിനാല്‍ സര്‍ക്കാറിനും വന്‍ വരുമാനനഷ്ടമുണ്ട്. ഹോട്ടലുകളും ഹൗസ്ബോട്ടുകളും ശൂന്യമാണ്. ജൂലൈ ഒമ്പതിനാണ് താഴ്വരയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. അന്നുതുടങ്ങിയ സംഘര്‍ഷം 50 ദിനം പിന്നിട്ടു. ഇതിനകം 68 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും താഴ്വരയില്‍ ജനജീവിതം സാധാരണ നിലയിലായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :