അരുവിക്കര: ഇടതു കണ്‍വന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ വിഎസിന് അതൃപ്തി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് , വിഎസ് അച്യുതാനന്ദന്‍ , ഇടതു കണ്‍വന്‍ഷന്‍
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 1 ജൂണ്‍ 2015 (12:25 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതു മുന്നണി നടത്തുന്ന കണ്‍വന്‍ഷനില്‍നിന്നു ഒഴിവാക്കിയതില്‍ വിഎസ് അച്യുതാനന്ദന് അതൃപ്തി. കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് ശേഷമേ വിഎസ് അരുവിക്കര പ്രചാരണത്തിനിറങ്ങൂവെന്നാണ് വിവരം. അതേസമയം, പ്രശ്‌ന പരിഹാരത്തിനായി ഇടതു സ്ഥാനാര്‍ഥി എം.വിജയകുമാര്‍ വിഎസിനെ കാണും.

ബുധനാഴ്ച ചേരുന്ന ഇടതു മുന്നണി കണ്‍വന്‍ഷനില്‍ നിന്നാണ് വിഎസിനെ ഒഴിവാക്കിയത്. കണ്‍വന്‍ഷനായി വിഎസ് പ്രസംഗം തയ്യാറാക്കിയിരുന്നു. തന്നെ ഒഴിവാക്കിയ നടപടി ബോധപൂര്‍വമാണെന്നാണ് വിഎസ് കരുതുന്നത്. ആറാം തീയതി ചേരുന്ന കേന്ദ്ര കമ്മിറ്റി വിഎസിനെതിരായ സംസ്ഥാന സെക്രട്ടറിയറ്റ് പ്രമേയം ചര്‍ച്ച ചെയ്യുന്നുണ്ട്. വിഎസിന് പകരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. വിഎസിന്റെ പേര് ഒഴിവാക്കി ഇടതു മുന്നണി ജില്ലാ കമ്മിറ്റി കണ്‍വന്‍ഷന്റെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

ബുധനാഴ്ച ആര്യനാട്ട് വികെ ഓഡിറ്റോറിയത്തിൽ നടക്കുന്ന എൽഡിഎഫിന്റെ മണ്ഡലം കൺവെൻഷൻ വിഎസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പിബി അംഗം പിണറായി വിജയന്റെ പേരും നോട്ടീസിലില്ല. രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് കണ്‍വെന്‍ഷന്റെ കാര്യപരിപാടി തീരുമാനിച്ചത്.
എൽഡിഎഫ് സംസ്ഥാന നേതാക്കളായ കാനം രാജേന്ദ്രൻ, സി ദിവാകരൻ, മാത്യു ടി. തോമസ്, നീലലോഹിതദാസൻ നാടാർ, ഉഴവൂർ വിജയൻ, സ്കറിയ തോമസ്, വി സുരേന്ദ്രൻ പിള്ള, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ യോഗത്തിനെത്തി സംസാരിക്കും.

അരുവിക്കരയിൽ വിഎസ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിന് എത്തുമെന്നാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനർഥിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം. വിജയകുമാർ നേരത്തേ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ സിപിഎം സ്ഥാനാര്‍ഥി എം വിജയകുമാര്‍ തന്നെ വിഎസ് പ്രചാരണം നയിക്കുമെന്നും വിഭാഗീയതയുടെ ഒരു ശേഷിപ്പും ഉണ്ടാകില്ലെന്ന് രാവിലെ അഭിപ്രായപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :