കാട്ടാക്കട|
Last Modified വെള്ളി, 29 മെയ് 2015 (17:00 IST)
നിയമസഭാ സ്പീക്കറായിരുന്ന ജി.കാര്‍ത്തികേയന്‍റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മണ്ഡലമായിരുന്ന അരുവിക്കരയില്‍ ജൂണ്‍ 27 ന് തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചതോടെ ഇരു മുന്നണികള്‍ക്കും ഇവിടെ വിജയം അനിവാര്യമാണെന്ന് വന്നിരിക്കുന്നു. പഴയ ആര്യനാട് മണ്ഡലമാണ് ചില മാറ്റങ്ങളോടെ അരുവിക്കരയായി മാറിയത്. ഏതാണ്ട് ഇരുപത് വര്‍ഷങ്ങളോളമായി യു.ഡി.എഫ് കൈവശം വച്ചിരിക്കുന്ന മണ്ഡലമാണിത്. അതിലെ പ്രധാനമായ ഒരു കാര്യം ജനങ്ങളുമായി കാര്‍ത്തികേയന്‍റെ നേരിട്ടുള്ള ബന്ധം തന്നെയായിരുന്നു വിജയത്തിനാധാരം. ഇതിനൊപ്പം കഴിഞ്ഞ നാലു വര്‍ഷങ്ങളായി മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും യു.ഡി.എഫിനു തുണയാകുമെന്ന് കരുതുന്നു.
മണ്ഡലത്തില്‍ ആകെയുള്ള എട്ടു പഞ്ചായത്തുകളില്‍ നാലും യുഡി.എഫിന്‍റെ വശത്താണ് എന്നതിനു പുറമേ ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫിനൊപ്പമാണ്. ഇതിനും പുറമേ കാര്‍ത്തികേയന്‍റെ പേരില്‍ ലഭിക്കുന്ന അധിക വോട്ടും യു.ഡി.എഫിനെ സഹായിക്കുമെന്നാണ് ഭരണകക്ഷി നേതാക്കള്‍ കരുതുന്നത്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല എന്നു മാത്രം.
അതേ സമയം ഒരു കാലത്ത് തങ്ങള്‍ക്കൊപ്പമായിരുന്ന ഈ മണ്ഡലം തിരികെ പിടിക്കാമെന്ന വിശ്വാസത്തിലാണിപ്പോള്‍ എല്‍.ഡി.എഫ്. അവരും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യു.ഡി.എഫിലെ നിലവിലെ അഭിപ്രായ ഭിന്നതയും ബാര്‍ കോഴ കേസും മുതലാക്കാനാണു സി.പി.എം തയ്യാറെടുക്കുന്നത്. 8 പഞ്ചായത്തുകളിലെ വിതുര, ആര്യനാട്, ഉഴമലയ്ക്കല്‍,
അരുവിക്കര എന്നീ പഞ്ചായത്തുകളാണ് എല്‍.ഡി.എഫിന്‍റെ കൈവശമുള്ളത്.
അതേ സമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ മുന്നേറ്റം ബി.ജെ.പി ക്കും വിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഒരു കൈ നോക്കാന്‍ തന്നെയാണ് ബി.ജെ.പി യുടെ പുറപ്പാട്. അമിത് ഷാ ഉള്‍പ്പെടെയുള്ളവരുടെ വരവാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
യു.ഡി.എഫ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തുമ്പോള്‍ സി.പി.എമ്മിന്‍റെ ദേശീയ നേതാക്കളും പ്രചരണത്തിനെത്തുമെന്നാണ് കക്ഷികള്‍ കണക്കുകൂട്ടുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ വിശ്വാസ്യത എത്രത്തോളം ഉണ്ടെന്ന് കാട്ടാനാവും കോണ്‍ഗ്രസിന്‍റെ തത്രപ്പാട്. ജൂണ്‍ 3 നു വിജ്ഞാപനം പുറപ്പെടുവിക്കും. ജൂണ്‍ 10 ആണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. 13 ആണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. ജൂണ്‍ 27 നു രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുക.