തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (13:05 IST)
അരുവിക്കരയിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ തകർന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫും ബിജെപിയും രംഗത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫും ബിജെപിയും തമ്മിലായിരുന്നു അരുവിക്കരയിലെ മത്സരമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രചരിപ്പിച്ചത് ബിജെപിയെ സഹായിക്കാനാണ്. യു.ഡി.എഫ് സർക്കാരിനെതിരായ ഒരു വിഭാഗം ജനങ്ങളുടെ പ്രതിഷേധം എൽ.ഡി.എഫിന് അനുകൂലമാക്കുന്നതിൽ വീഴ്ച വന്നു. അങ്ങനെ വന്നപ്പോൾ യു.ഡി.എഫിനെതിരായുള്ള വോട്ടുകൾ ബിജെ.പിക്ക് ലഭിച്ചുവെന്നും
കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ വോട്ടുകൾ, ചെറുതാണെങ്കിൽ പോലും ഇത്തവണ അരുവിക്കരയിൽ എൽഡിഎഫിന് ലഭിച്ചു. കഴിഞ്ഞ തവണ ആർഎസ്പി എൽഡിഎഫിനൊപ്പം ആയിരുന്നു. ഇത്തവണ അവർ യുഡിഎഫിനൊപ്പവും എന്നിട്ടും എൽഡിഎഫിന് വോട്ടു കൂടിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് താത്പര്യമനുസരിച്ചു വാര്‍ഡ് വിഭജിച്ചു ഭൂരിപക്ഷം നേടാന്‍ ശ്രമം നടക്കുന്നു. ഇതിനെതിരേ ഈ മാസം 20നു തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധിക്കുമെന്നും കോടിയേരി പറഞ്ഞു. ബാര്‍കേസില്‍ അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ വീണ്ടും ഹാജരായതിന് ഉത്തരവാദി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. സര്‍ക്കാരും ബാറുടമകളും കേസില്‍ ഒത്തുകളിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ സിപിഎം ഇടപെടുമെന്നും കോടിയേരി പറഞ്ഞു.