ആറന്മുള: പണം വാങ്ങിയ നേതാക്കളുടെ പേരുകള്‍ പുറത്തുവിടുമെന്ന് കെജിഎസ്

 ആറന്മുള വിമാനത്താവള പദ്ധതി , കെജിഎസ് ഗ്രൂപ്പ് , കെജിഎസ്
പത്തനംതിട്ട| jibin| Last Modified വെള്ളി, 29 മെയ് 2015 (15:08 IST)
ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള അനുമതികൾ വിവിധ മന്ത്രാലയങ്ങൾ റദ്ദാക്കിയതോടെ സമ്മര്‍ദ്ദത്തിലായ കെജിഎസ് ഗ്രൂപ്പ് തങ്ങളുടെ പക്കല്‍ നിന്ന് പലപ്പോഴായി പണം വാങ്ങുകയും പിന്തുണ നൽകുയും ചെയ്‌തവരുടെ പേരു വിവരങ്ങള്‍ പുറത്ത് വിടാനൊരുങ്ങുന്നു. തുടക്കത്തിൽ പദ്ധതിക്കായി ഉറച്ചു നിൽക്കുകയും പണം വാങ്ങുകയും, ഇടയ്ക്കു വെച്ച് നിലപാട് മാറ്റി ചതിക്കുകയും ചെയ്‌ത വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കളുടെ പേരാണ് കെജിഎസിന്റെ പട്ടികയിലുള്ളത്.

ആറന്മുള പദ്ധതിക്കുള്ള അനുമതികൾ കേന്ദ്ര വ്യോമ , പ്രതിരോധ, പരിസ്ഥിതി മന്ത്രാലയങ്ങൾ റദ്ദാക്കുകയും കെജിഎസ് എംഡി ജിജി ജോർജ് പ്രധാന മന്ത്രി നരേന്ദ്ര മേഡിക്ക് എഴുതിയ കത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാതെ വരുകയും ചെയ്‌തതോടെ കടുത്ത നിരാശയിലാണ് സംരംഭകരായ കെജിഎസ് ഗ്രൂപ്പ്. ഇതോടെ കോടികൾ മുടക്കിയ ആറൻമുള പദ്ധതിയിൽ നിന്ന് പിൻമാറേണ്ടിവരും. ഈ സാഹചര്യത്തിലാണ് തുടക്കത്തില്‍ പദ്ധതിയെ അനുകൂലിച്ച് സംഭാവനകള്‍ വാങ്ങുകയും പിന്തുണ നൽകുയും ചെയ്‌തവരുടെ പേരുവിവരങ്ങള്‍ കെജിഎസ് പുറത്തുവിടാൻ ഒരുങ്ങുന്നത്.

രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ, പ്രാദേശിക തലത്തിൽ പ്രവർത്തിച്ച നേതാക്കളാണ് കെജിഎസ് ഗ്രൂപ്പില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുള്ളതെന്നറിയുന്നു. എന്നാല്‍ പദ്ധതിക്ക് തുടക്കത്തിൽ അനുകൂല നിലപാട് സ്വീകരിച്ച ചില നേതാക്കൾ സമരം ശക്തിപ്പെട്ട സമയത്ത് നിലപാട് മാറ്റി മറുകണ്ടം ചാടുകയും ഇപ്പോള്‍ പദ്ധതി പാളിയ സാഹചര്യം സംജാതമാകുകയും ചെയ്‌തതോടെയാണ് പണം വാങ്ങിയവരുടെ വിവരങ്ങള്‍ കെജിഎസ് പുറത്ത് വിടുന്നത്. അതേസമയം, സംഭാവന വാങ്ങിയ ചില നേതാക്കൾ ഇപ്പോഴും പദ്ധതിക്ക് അനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കുന്നുമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :