പേവിഷത്തിന് മരുന്നില്ല; നായ കടിച്ചാല്‍ രക്ഷപ്പെടണമെങ്കില്‍ കേരളം വിടണം

പേവിഷ പ്രതിരോധ മരുന്ന്, കേരളം, ആരോഗ്യവകുപ്പ്
തിരുവനന്തപുരം| VISHNU.NL| Last Updated: വ്യാഴം, 4 ഡിസം‌ബര്‍ 2014 (11:46 IST)
സംസ്ഥാനത്ത് പേവിഷ ബാധ പ്രതിരോധ മരുന്ന് കിട്ടാനില്ല. സംസ്ഥാനത്തെ സ്വകര്യ, സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും മരുന്ന് ഇപ്പോള്‍ കിട്ടാനില്ലാത്തത് രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. നായ കടി ഏറ്റവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പായ ആന്റി റാബീസ് സെറമാണ് സംസ്ഥാനത്ത് ലഭ്യമല്ലാത്തത്. രാജ്യത്ത് ഈ മരുന്ന് വിതരണം ചെയ്യുന്നത് നിലവില്‍ ഒരുകമ്പനി മാത്രമാണ്. കെഎംഎസ്‌സിഎല്‍ കഴിഞ്ഞ വര്‍ഷത്തെ കുടിശിക നല്‍കാത്തതിനാല്‍ കമ്പനി കേരളത്തിലേക്കുള്ള വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം.

കഴുത്ത്, തല, കൈ കാല്‍ വിരലുകള്‍ക്കൊപ്പം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആഴത്തില്‍ നായ കടിയേല്‍ക്കുന്നവര്‍ക്ക് അടിയന്തരമായി നല്‍കേണ്ടതാണ് ആന്റി റാബീസ് സിറം. പേവിഷ വൈറസ് നാഡീ വ്യൂഹത്തിലൂടെ തലച്ചോറിലേക്ക് പ്രവഹിക്കുന്നത് തടയാന്‍ മുറിവുകള്‍ക്ക് ചുറ്റുമാണ് സിറം കുത്തിവയ്ക്കേണ്ടത്. ആഴത്തില്‍ നായകളുടെ കടിയേല്‍ക്കുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ആന്റി റാബീസ് സിറമാണ്. എന്നാല്‍ തൊലിപ്പുറമേ നല്‍കുന്ന പ്രതിരോധ കുത്തിവയ്പായ ആന്റി റാബീ വാക്സിന്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. ഇതിന്റെ ഫലം അറിയണമെങ്കില്‍ ഒരാഴ്ചയിലധികം സമയം കാത്തിരിക്കുകയും വേണം.

മനുഷ്യരക്തത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഹ്യൂമണ്‍ ഇമ്മ്യുണോഗ്ലോബിന് വില കൂടുതല്‍ ആയത് കാരണം കുതിരയുടെ രക്തത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന താരതമ്യേന വിലക്കുറവുള്ള ഇക്വേന്‍ സെറം കുത്തിവയ്പാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്ക് നല്‍കിയിരുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സിറം വിതരണം നിര്‍ത്തിയതോടെ ലോക്കല്‍ പര്‍ച്ചേസ് വഴിയാണ് ആശുപത്രികള്‍ സിറം വാങ്ങിയിരുന്നത്. എന്നാല്‍ സ്വകാര്യ മരുന്ന് വില്‍പനകേന്ദ്രങ്ങളില്‍ നിന്നും ഇപ്പോള്‍ ഈ പ്രതിരോധമരുന്ന് ലഭിക്കുന്നില്ല. ആറ് മാസമാ‍യിട്ടും വിഷയത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടപടി എടുക്കാന്‍ ആരംഭിച്ചിട്ടില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :