മറയൂര്‍|
VISHNU.NL|
Last Modified ചൊവ്വ, 2 ഡിസംബര്‍ 2014 (08:06 IST)
കേരളത്തിലെ പക്ഷിപ്പനി തമിഴ്നാട്ടില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. തമിഴ്നാട്ടിലെ ഇറച്ചിക്കോഴി, മുട്ട വില്‍പ്പനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കേരളത്തിലേക്ക് കയറ്റിവിടാന്‍ കഴിയാതെ ലക്ഷക്കണക്കിന് മുട്ട കെട്ടിക്കിടക്കുകയാണ്. പക്ഷിപ്പനിമൂലം കേരളത്തില്‍ മുട്ടയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ കേരളത്തിലെ വ്യാപാരികള്‍ ഓര്‍ഡറുകള്‍ റദ്ദാക്കിയതായി തമിഴ്‌നാട് വ്യാപാരികള്‍ പറയുന്നു.
നാമക്കല്ലില്‍നിന്നാണ് കേരളത്തിലേക്ക് ഏറ്റവുംകൂടുതല്‍ മുട്ട എത്തുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന 3.50 കോടി മുട്ടകളില്‍ ഒരു കോടിയിലധികം മുട്ടകളാണ് കേരളത്തിലേക്ക് കയറ്റിവിടുന്നത്. പക്ഷിപ്പനി ഭീതിമൂലം മൂന്നു ദിവസത്തിനുള്ളില്‍ 10 ലക്ഷം മുട്ടകള്‍പോലും അയയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
നിലവിലെ അവസ്ഥ മറികടക്കാന്‍ മുട്ടയ്ക്ക് വിലകുറച്ച് വില്‍ക്കാനാണ് വ്യാപാരികളുടെ തീരുമാനം. കഴിഞ്ഞ ജനവരിമുതല്‍ നാഷണല്‍ എഗ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (നിക്ക്) നിശ്ചയിക്കുന്ന വിലയ്ക്കാണ് വ്യാപാരികള്‍ മുട്ട വിറ്റിരുന്നത്. ഒരു മുട്ടയ്ക്ക് നിര്‍ണയിച്ച 3.16 രൂപയില്‍നിന്ന് 15 പൈസവരെ കുറച്ച് വില്‍ക്കുന്നതിന് ഇപ്പോള്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം കേരളത്തില്‍നിന്ന് വിരിയിക്കാന്‍ തമിഴ്‌നാട്ടിലെ ഹാച്ചറികളിലെത്തിച്ച ഒരു കോടിയിലധികം മുട്ടനശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പുറമെനിന്ന് മുട്ട തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നതും കോഴി കയറ്റിയ വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍നിന്ന് പുറത്തുപോകുന്നതും വരുന്നതും താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നതും വ്യാപാരികളെ പ്രതിസന്ധിയിലാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.