തിരുവനന്തപുരം|
aparna shaji|
Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (12:49 IST)
സ്ത്രീയുമായി ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയതിനെ തുടർന്ന് മന്ത്രി സ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രനെതിരെ വിവാദങ്ങൾ ചുക്കാൻ പിടിക്കുമ്പോൾ ഓഡിയോ പുറത്തുവിട്ട മംഗളം ചാനലും വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആന്തൂര്‍ സഹദേവന്‍. ഓഡിയോ സംഭാഷണം വലിയ വാര്‍ത്തയാക്കുന്നതിന് മുന്‍പ് ലേഖകന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടിയിരുന്നെന്ന് അദ്ദേഹം പറയുന്നു.
ആന്തൂര്‍ സഹദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അറിഞ്ഞത് വാര്‍ത്തയാക്കാന്‍ തുനിയുന്നതിന് മുന്‍പ് ലേഖകന്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍.
1. സര്‍ക്കാറില്‍ നിന്ന് നിവൃത്തിച്ചു കിട്ടേണ്ട ഒരു കാര്യത്തിനായി സ്ത്രീ ഉദ്യോഗസ്ഥതലത്തില്‍ ശ്രമിച്ചിട്ട് നടക്കാതെ മന്ത്രിയെ സമീപിച്ചതാണോ?
2. മന്ത്രി ഇതൊരു അവസരമായി കണ്ടുവോ?
3. ഒരു പുരുഷന്‍ എന്നതിലുപരി പദവി അധികാരം എന്നിവ ദുരുപയോഗം ചെയ്യാനാണോ മന്ത്രി തുനിഞ്ഞത്?
4. ഗത്യന്തരമില്ലാതെ സ്ത്രീക്ക് എന്തെങ്കിലും തരത്തില്‍ ആത്മാഭിമാനം ഇല്ലാതായ സാഹചര്യം ഉണ്ടായോ?
5. പക്ഷേ ഭയന്നോ ഇതിവിടെ തീരട്ടെ എന്നു കരുതിയോ പരാതിപ്പെടേണ്ടെന്ന് തീരുമാനിച്ചതാണോ? ഇതിനൊക്കെ അതെ എന്ന് മറുപടിയുണ്ടെങ്കില്‍ അവിടെ ഒരു അപമാന ശ്രമമുണ്ട്.
പരാതിയില്ലാതെ സ്റ്റേറ്റ് കേസെടുക്കേണ്ടതായ സാഹചര്യം ഉണ്ട്. എന്നാല്‍ സമൂഹത്തെ ഈ വിശദാംശങ്ങളില്‍ ഇരുട്ടില്‍ നിര്‍ത്തിയത് റിപ്പോര്‍ട്ടറുടെ അപക്വമായ മാധ്യമ ധാരണകളാണ്. അതിലുപരി മേലെയുള്ള ‘പരിചയസമ്പന്നതയും’ ‘ഉത്തരവാദിത്തബോധവും ഉണ്ടെന്നു നാം ധരിക്കുന്ന എഡിറ്റര്‍ കൃത്യമായി ജോലി ചെയ്തിട്ടില്ല എന്നാണ്. മറ്റ് ചാനലുകളെ മറികടക്കാനുള്ള അനാവശ്യമായ വെമ്പലിന് മാത്രം മുന്‍തൂക്കം കൊടുത്തു എന്നാണ്. അല്ല എന്നാണ് ഉത്തരമെങ്കില്‍ വിട്ടു കളയേണ്ട നിസ്സാര കാര്യം വെച്ച് മണിക്കൂറുകള്‍ നഷ്ടമാക്കുന്ന ഈ ഏര്‍പ്പാടിന് ശിക്ഷയായി കോപ്പി കൈകാര്യം ചെയ്ത എല്ലാവരേയും ഇനി വാര്‍ത്ത എഴുതാനുള്ള പണി ഏല്‍പ്പിക്കരുത്.
വ്യാജവാര്‍ത്തയാന്നെങ്കില്‍ ബാക്കി നിയമം നോക്കട്ടെ. ഇനി ഇന്‍സ്റ്റാള്‍മെന്റായി കൊടുക്കാന്‍ വല്ലതും വെച്ചിട്ടുണ്ടെങ്കില്‍ അതും നിന്ദ്യമാണ്. പോത്തുകളും പന്നികളും ചളിയില്‍ കിടക്കുന്ന പോലെ ജനങ്ങളെ മുക്കിക്കിടത്തരുത്.