കൊച്ചി|
jibin|
Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (12:09 IST)
അമ്മ - ഡബ്യുസിസി വിഷയത്തില്‍ സിദ്ദിഖിനെതിരെ വീണ്ടും ജഗദീഷ് രംഗത്ത്. സംഘടനയുടെ പ്രസിഡന്റ്
മോഹന്‍ലാല്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായിട്ടാണ് സിദ്ദിഖ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് യാതൊരു ധാര്‍മികതയുമില്ലെന്നും അമ്മ ട്രഷറര്‍ കൂടിയായ ജഗദീഷ് തുറന്നടിച്ചു.
അമ്മയില്‍ നിന്നും പുറത്തു പോയ നടിമാരെ തിരിച്ചെടുക്കണമെന്നും അവരുമായി സംസാരിക്കണമെന്നുമുള്ള നിലപാടാണ് മോഹന്‍ലാല്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ തുറന്ന സമീപനമാണ് അമ്മ പ്രസിഡന്റിനില്‍ നിന്നും ഉണ്ടാകുന്നതെന്നും ജഗദീഷ് പറഞ്ഞു.
മോഹല്‍ലാല്‍ ഈ സമീപനം സ്വീകരിച്ചിട്ടും സംഘടനയില്‍ നിന്ന് രാജിവെച്ചു പുറത്തു പോയ നടിമാരെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്ന നിലപാടാണ് സിദ്ദിഖിനുള്ളത്. കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയെന്ന് ആവര്‍ത്തിക്കുമ്പോഴും അവരെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്ന് സിദ്ദിഖ് എന്തിന് പറയുന്നുവെന്നും ജഗദീഷ് ചോദിച്ചു.
ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടയുള്ളവരെ കൊണ്ട് എന്തിന് വേണ്ടി മാപ്പ് പറയിപ്പിക്കണം ?. അംഗീകരിക്കാവുന്നതിലും അപ്പുറമുള്ള കാര്യമാണിതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് വ്യക്തമാക്കി.
അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന പരാതി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുമ്പില്‍ വന്നതാണ്. അതിലൊന്നും വ്യക്തത വരുത്താതെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി എന്നതിന്റെ ലിസ്റ്റ് കൊടുക്കാനാണ് സിദ്ദിഖ് ആവശ്യപ്പെടുന്നതെന്നും ജഗദീഷ് കുറ്റപ്പെടുത്തി.