ആലപ്പുഴയില്‍ കൊവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകരെ കൂടി നിയോഗിക്കാന്‍ ഉത്തരവായി; ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടി എടുക്കും

ശ്രീനു എസ്| Last Updated: തിങ്കള്‍, 13 ജൂലൈ 2020 (14:00 IST)
ആലപ്പുഴയില്‍ കൊവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകരെ കൂടി നിയോഗിക്കാന്‍ ഉത്തരവായി. ജില്ലാകളക്ടര്‍ എ അലക്സാണ്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിലെ വിവിധ മുനിസിപ്പല്‍-പഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് ആണ് അധ്യാപകരെ നിയമിച്ചിട്ടുള്ളത്.ഉത്തരവുപ്രകാരം നിയോഗിച്ച ജീവനക്കാര്‍ പറഞ്ഞിട്ടുള്ള പി എച്ച് സി കളില്‍
ജൂലൈ 13ന് തന്നെ ഹാജരാകണം.

ജീവനക്കാര്‍ ഹാജരായ വിവരം ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍, ഡിഎംഒ മുഖേന കലക്ടറേറ്റില്‍ അറിയിക്കണം. ഇവര്‍ അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഗവണ്‍മെന്റ് ഉത്തരവിന് അനുസൃതമായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കണം. 190 പേരെ പഞ്ചായത്തുകളിലെ പി.എച്ച്.സികളിലും 30 പേരെ നഗരസഭകളിലെ പി.എച്ച്.സികളിലുമാണ് നിയോഗിച്ചത്. ഉത്തരവ് പാലിക്കാത്ത ജീവനക്കാരെ 2005 ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടി എടുക്കും.

എല്ലാ സിഎച്ച് സി കളിലും മൂന്ന് ജീവനക്കാരെ വീതം നേരത്തെ നിയോഗിച്ച് ഉത്തരവായിട്ടുണ്ട്. കൂടാതെ പഞ്ചായത്തിലെ എല്ലാ വാര്‍ഡ് തല ജാഗ്രതാ സമിതികളും ശക്തിപ്പെടുത്തുന്നതിനായി അധ്യാപകരെ നിയോഗിക്കാനും തീരുമാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :