കൊല്ലം|
jibin|
Last Modified തിങ്കള്‍, 3 ജൂലൈ 2017 (20:43 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തുകയും അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്‌ത നടന്‍മാര്‍ക്കെതിരെ മഹിളാ കോൺഗ്രസ് ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് പരാതി നല്‍കി.
നടന്മാരായ ദിലീപ്, സലിംകുമാർ, അജു വർഗീസ്, നിർമാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇരയുടെ പേര് വെളിപ്പെടുത്തിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് നേരത്തെ ഇവര്‍ വ്യക്തമാക്കിയിരുന്നു.
കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ വച്ചു എഴുതിയ കത്ത് സംബന്ധിച്ച മാധ്യമ ചർച്ചകളിലൂടെയും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും നടിയെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തെന്നാണു ബിന്ദുവിന്റെ പരാതി.
അതേസമയം, കേസില്‍ ഇരയുടെ പേര് ഫേസ്‌ബുക്കിലൂടെ പരാമർശിച്ച സംഭവത്തിൽ നടൻ അജു വർഗീസിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം കളമശേരി സ്വദേശി ജി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് അജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.