നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ 'വിഐപി'യുടെ കൈയിലും; മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി കൈമാറ്റം !

രേണുക വേണു| Last Modified വ്യാഴം, 13 ജനുവരി 2022 (08:31 IST)

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ 'വിഐപി'യെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജം. ഈ വിഐപിയുടെ കൈയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇത് കൈമാറുന്നതിനിടെ വിഐപി പകര്‍പ്പ് സൂക്ഷിച്ചു കാണുമെന്നാണ് കരുതുന്നത്. സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വിഐപിക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വിഐപി വന്നുവെന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴിയാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്.

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കിയാണ് പിന്നീട് കൈമാറ്റങ്ങള്‍ നടന്നതെന്ന് അന്വേഷണസംഘം കരുതുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം വി.ഐ.പി.ക്കായുള്ള അന്വേഷണവും ശക്തമാക്കി.

നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തില്‍ നിന്ന് ഡിജിപി ബി.സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ 'വിഐപി' ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കി. 'കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കു'മെന്ന വിഐപിയുടെ വാക്കുകളും മൊഴികളില്‍ ബാലചന്ദ്രകുമാര്‍ ഉദ്ധരിച്ചിട്ടുണ്ട്.

ദിലീപിന്റെ വിഐപി ആരെന്ന് ബാലചന്ദ്രകുമാര്‍ ഉടന്‍ വെളിപ്പെടുത്തുമെന്നാണ് സൂചന. ഇടയ്ക്കിടെ വിദേശ യാത്ര നടത്തുന്ന ഒരു പ്രമുഖ നടനാണ് ഈ വിഐപിയെന്നാണ് റിപ്പോര്‍ട്ട്. പൊലീസുമായും രാഷ്ട്രീയക്കാരുമായും ഇയാള്‍ക്ക് വളരെ അടുത്ത ബന്ധമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള പ്രതികളുടെ ഗൂഢാലോചനയില്‍ വിഐപിയും പങ്കാളിയായ സാഹചര്യത്തില്‍ കണ്ടാലറിയാവുന്ന ആറാം പ്രതിയായി എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത് ഇയാളെയാണ്. ഗൂഢാലോചനാക്കേസിലെ ആദ്യ അറസ്റ്റ് 'വിഐപി'യുടെതാവാനാണു സാധ്യത.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :