അഭിറാം മനോഹർ|
Last Modified തിങ്കള്‍, 31 ജനുവരി 2022 (15:33 IST)
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ ഹൈക്കോടതി വിധി പറയും.ഇന്നത്തെ വാദത്തിന് ശേഷം നാളെ ഉച്ചയ്ക്ക് 1.45ന് കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ദിലീപ് അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ദിലീപിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നും പ്രോസിക്യുഷൻ വാദിച്ചു.ദിലീപ് ഫോണുകൾ മുംബൈയിലേക്ക് അയച്ചത് തന്നെ അന്വേഷണം അട്ടിമറിക്കാനാണ്. ഫോണിന്റെ വിവരങ്ങള്‍ തന്നത് പ്രതിയല്ല. ദിലീപ് ഫോണുകൾ മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാം. പ്രതിക്ക് ജാമ്യം അനുവദിക്കരുത്.
പ്രോസിക്യൂഷൻ വാദിച്ചു.
കോടതി ആവശ്യപ്പെട്ടത് പ്രകാരമുള്ള ആറ് ഫോണുകള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്ന് മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.തിങ്കളാഴ്ച 10.15-നുമുമ്പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുന്‍പാകെ ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.പ്രോസിക്യൂഷന്‍ എഴുതി നല്‍കിയതിലെ 2,3,4 ക്രമനമ്പറുകളിലെ ഫോണുകളാണ് കൈമാറിയത് ഒന്നാം നമ്പറില്‍ പറയുന്ന നാലാമത്തെ ഐ ഫോണ്‍ ഏതാണെന്ന് തനിക്കറിയില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു.