Last Modified ചൊവ്വ, 2 ജൂലൈ 2019 (10:03 IST)
മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന അഭിമന്യുവിനെ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം. കോളേജിലെ ചുവരിൽ ‘വർഗീയത തുലയട്ടെ’ എന്നെഴുതിയതിന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ അഭിമന്യുവിനെ കുത്തിക്കൊല്ലുകയായിരുന്നു.
ഒരു വര്‍ഷമായിട്ടും കേസിലെ മുഖ്യപ്രതികളായ രണ്ട് പേരെ ഇനിയും പിടികൂടിയിട്ടില്ല. കേസിലെ മറ്റ് പ്രതികളെയെല്ലാം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, അഭിമന്യുവിനെ കുത്തിയ പ്രതിയെ പിടികൂടാൻ പൊലീസിന് ഇതുവരെ ആയിട്ടില്ല. അഭിമന്യുവിനെ കുത്തിയ 10ആം പ്രതി സഹല്‍, കേസിലെ സാക്ഷി അര്‍ജ്ജുനെ കുത്തി പരിക്കേല്‍പിച്ച 12ആം പ്രതി മുഹമ്മദ് ഷാഹിം എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്.
വിചാരണ നേരിടുന്ന അഞ്ച് പേരാണ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്. കുറ്റപത്രം സമര്‍പ്പിക്കാത്ത 10 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സിപിഎമ്മും എസ്എഫ്ഐയും നടത്തിയ ധനശേഖരണത്തിലൂടെ സ്വരൂപിച്ച 3.76 കോടി രൂപയിൽ ഒരു ഭാഗം ഉപയോഗിച്ച് വട്ടവടയിൽ അഭിമന്യുവിന്റെ കുടുംബത്തിനായി 10 സെന്റ് ഭൂമി വാങ്ങി അവിടെ വാസയോഗ്യമായ നല്ലൊരു വീട് വെച്ച് നൽകി. സഹോദരിയുടെ കല്യാണവും പാർട്ടി നടത്തി. മാതാപിതാക്കളുടെ പേരിൽ 25 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചു. അഭിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ‘ലൈബ്രറിയും’ വട്ടവടയിൽ സ്ഥാപിച്ചു.