ആട് ആന്റണിയെ ചോദ്യം ചെയ്തു; 500ലേറെ കവര്‍ച്ചകള്‍ നടത്തി, ചുമത്തിയിരിക്കുന്നത് 27 കേസുകൾ

   ആട് ആന്റണി , പൊലീസ് , പൊലീസ് , ആട് ആന്റണിയെ അറസ്‌റ്റ് ചെയ്‌തു
കൊല്ലം| jibin| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (10:50 IST)
പിടിയിലായ കുപ്രസിദ്ധ മോഷ്ടാവും ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ കൊലപ്പെടുത്തുകയും ചെയ്‌ത
പിടികിട്ടാപ്പുള്ളി ആട് ആന്റണിയെ കൊല്ലം പൊലീസ് ചോദ്യം ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ഇയാൾക്കെതിരെ 27 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആന്റണിയെ ഇന്ന് പറവൂർ കോടതിയിൽ ഹാജരാക്കും.

രാത്രി 10 മണിയോടെയാണ് ആട് ആന്റണിയെയും കൊണ്ട് പൊലീസ് സംഘം കൊല്ലത്തേക്ക് തിരിച്ചത്. ഇയാള്‍ കൊല്ലത്ത് താമസിച്ചിരുന്ന വീട് ഇന്ന് പൊലീസ് പരിശേധിക്കും. ഗോപാലപുരത്തെ വീട്ടിൽ നടത്തിയെ തെരച്ചിലില്‍ വിലകൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും, കമ്പ്യൂട്ടറുകളും, ഹോം തിയേറ്ററും, മുറ്റത്ത് പാര്‍ക്ക് ചെയ്‌തിരുന്ന കാറും, സെൽവരാജ് എന്ന പേരിലുളള തിരിച്ചറിയൽ കാർഡും കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് രംഗത്തെ വിദഗ്ദരുടെ സഹായത്തോടെ വീട്ടിലുളള ഉപകരണങ്ങൾ പരിശോധിക്കേണ്ടതിനാൽ നടപടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം, പൊലീസുകാരനെ കൊലപ്പെടുത്തിയ ശേഷം ആട് ആന്റണി ഒളിവില്‍ കഴിഞ്ഞത് തിരുപ്പൂരിലാണെന്ന് തെളിഞ്ഞു. തിരുപ്പൂരിലെ തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. ഇവിടെ 200 രൂപയ്‌ക്ക് ജോലി ചെയ്‌തിരുന്ന ആന്റണി അവിടെ നിന്ന് മോഷണം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ആന്റണിക്ക് തമിഴ്‌നാട്ടിലെ ധാരാപുരത്ത് സ്വന്തമായി വീടുണ്ടെന്ന് പൊലീസ് പറഞ്ഞു. 500ലേറെ കവര്‍ച്ചകള്‍ നടത്തിയതായി പൊലീസിനോട് ആട് ആന്റണി സമ്മതിച്ചു. സേലത്ത് നിന്ന് 7 ലക്ഷം രൂപ മോഷ്ടിച്ചുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :