മൂന്നു ലക്ഷത്തിന്റെ എം.ഡി.എം.എ യുമായി രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ശനി, 4 നവം‌ബര്‍ 2023 (15:46 IST)
തിരുവനന്തപുരം: മയക്കുമരുന്ന് വിപണിയിൽ മൂന്നു ലക്ഷം രൂപാ വിലവരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി. തലസ്ഥാന നഗരിയിലെ തമ്പാനൂരിലെ ടാറ്റൂ സ്റ്റുഡിയോ ഉടമയും അവിടത്തെ ജീവനക്കാരനാണ് അറസ്റ്റിലായത്.

എസ്.എസ്.കോവിൽ റോഡിലുള്ള സ്റ്റെപ്പ് അപ്പ് ടാറ്റൂ സ്റ്റുഡിയോയിൽ നിന്നാണ് 78 ഗ്രാം എം.ഡി.എം.എ എന്ന രാസലഹരി പിടികൂടിയത്. രാജാജി നഗർ സ്വദേശി മജീന്ദ്രൻ (41), സഹായിയായ പെരിങ്ങമ്മല ആയില്യം വീട്ടിൽ ഷോൺ അജി (24) എന്നിവരാണ് പിടിയിലായത്. ടാറ്റൂ കേന്ദ്രത്തിന്റെ മറവിൽ മയക്കുമരുന്ന് വ്യാപാരം വൻ തോതിൽ നടക്കുന്നു എന്ന പരാതിയിലാണ് പോലീസ് റെയ്ഡ് നടത്തി ഇവരെ പിടികൂടിയത്.

കഴിഞ്ഞ ഒരു മാസമായി എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു സ്ഥാപനവും പ്രതികളും. മജീന്ദ്രന് നഗരത്തിലെ കൊട്ടേഷൻ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിൽ എത്തുന്ന നിരവധി യുവതീ യുവാക്കൾ ഇവരുടെ ഇരകളായിരുന്നു. മജീന്ദ്രൻ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്.ഐ യെ അടിച്ച കേസിലെ പ്രതികൂടിയാണ്. വരും ദിവസങ്ങളിൽ ഇത്തരം സ്ഥാപനങ്ങളിൽ വ്യാപകമായ റെയ്ഡ് നടത്തും എന്നാണു സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :