105 സീറ്റുകളില്‍ മത്സരിക്കാന്‍ ഇടതിന്റെ ‘വല്യേട്ടന്‍’

തിരുവനന്തപുരം| WEBDUNIA|
PRO
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ‘വല്യേട്ടന്‍’ 105 സീറ്റുകളില്‍ മത്സരിച്ചേക്കും. 95 സീറ്റുകളില്‍ സി പി എം സ്ഥാനാ‍ര്‍ഥികളും ബാക്കി പത്തു സീറ്റുകളില്‍ സി പി എം സ്വതന്ത്രന്മാരുമായിരിക്കും മത്സരിക്കുക. സി പി ഐക്ക് 25 സീറ്റുകള്‍ നല്കാനാണ് സി പി എമ്മിന്റെ തീരുമാനം. നിര്‍ബന്ധം പിടിച്ചാല്‍ രണ്ടു സീറ്റുകള്‍ കൂടി നല്കിയേക്കും. എന്നാല്‍, 28 സീറ്റാണ് സി പി ഐ ലക്‌ഷ്യമിടുന്നത്. ആര്‍ എസ് പി പോലുള്ള മറ്റ് ചെറിയ ഘടകകക്ഷികള്‍ക്ക് രണ്ടു മുതല്‍ അഞ്ചു വരെ സീറ്റുകളായിരിക്കും ലഭിക്കുക.

കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും ആണ് ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നത്. സീറ്റിന്റെ കാര്യത്തില്‍ സി പി എം തീരുമാനത്തില്‍ എത്തിയെങ്കിലും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനാര്‍ഥിത്വവും ചര്‍ച്ച ചെയ്തിട്ടില്ല.

ഡല്‍ഹിയില്‍ ചേര്‍ന്ന, സി പി എം കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും വി എസ് വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും അന്തിമതീരുമാനം കേരളഘടകത്തിന് വിടുകയായിരുന്നു. ഇതിനായി, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയും കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസവും ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും ഇക്കാര്യം ചര്‍ച്ചയ്ക്കു വന്നില്ല. ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും സമാപിക്കും.

ഇനി സ്ഥാനാര്‍ഥി നിര്‍ണയത്തിനു മാത്രമായി സംസ്ഥാന കമ്മിറ്റി 16നു വീണ്ടും ചേരുമെന്ന് നേതൃത്വം പറഞ്ഞു. ഇതിനുമുമ്പായി ജില്ലാഘടകങ്ങളുമായി ചര്‍ച്ച നടത്തുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :