പ്രളയ ബാധിതർക്കുള്ള ധനസഹായം നൽകാതെ സർക്കാർ
അടിയന്തര ധനസഹായം എന്ന നിലയിലാണ് പ്രളയ സമയത്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ ഓരോ കുടുംബത്തിനും 10,000 രൂപ പ്രഖ്യാപിച്ചത്
കേരളത്തിൽ ഓഗസ്റ്റ് ആദ്യവാരം ഉണ്ടായ പ്രളയത്തിൽ ദുരിതബാധിതരായവർക്കുള്ള ധനസഹായം നൽകാതെ യുഡിഎഫ് സർക്കാർ. ദുരിത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായമാണ് ഒരു മാസം പിന്നിട്ടിട്ടും ലഭിക്കാത്തത്.
അടിയന്തര ധനസഹായം എന്ന നിലയിലാണ് പ്രളയ സമയത്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ ഓരോ കുടുംബത്തിനും 10,000 രൂപ പ്രഖ്യാപിച്ചത്. പ്രളയ ദുരിത ബാധിതർക്ക് പ്രഖ്യാപിച്ച 10,000 രൂപ അടിയന്തരമായി വിതരണം ചെയ്യേണ്ടതുമായിരുന്നു. എന്നാൽ ഒരാൾക്ക് പോലും ഈ പണം ലഭിച്ചിട്ടില്ല.
ഓഗസ്റ്റ് 14 നാണ് സംസ്ഥാനത്തെ മുഴുവൻ ക്യാംപുകളും അവസാനിച്ചതെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അതായത് ഇന്നേക്ക് 19 ദിവസം കഴിഞ്ഞു. ഇതിനിടയിൽ കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ ഓണം കഴിഞ്ഞു. അപ്പോഴും പ്രളയ ദുരിത ബാധിതരിൽ ഒരാൾക്ക് പോലും സർക്കാർ ഉറപ്പ് നൽകിയ 10,000 രൂപ ലഭിച്ചിട്ടില്ല.
പരിശോധിച്ചു വരികയാണെന്നും ഉടൻ നൽകുമെന്നുമാണ് ഇതേ കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം. അനർഹരായവരും പട്ടികയിലുണ്ടെന്നും അത് നോക്കാൻ വേണ്ടിയാണ് സമയമെടുക്കുന്നതെന്നുമാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ ദുരന്തം ഉണ്ടായി ഇന്നേക്ക് ഒരു മാസം പിന്നിട്ടിട്ടും സർക്കാരിന് അർഹരായവരെ കണ്ടെത്തി ഈ ധനസഹായം നൽകാൻ സാധിക്കാത്തത് വലിയ വിമർശനത്തിനു കാരണമാകുന്നുണ്ട്.