അയാൾ ക്രിമിനൽ, എനിക്ക് അറിയില്ല; ഡിസിസി അംഗത്തെ തള്ളി മുഖ്യമന്ത്രി
ഡിസിസി അംഗം ചേന്തി അനിലിനെ തള്ളി മുഖ്യമന്ത്രി വി.ഡി.സതീശൻ. അനിൽ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രീകാര്യത്ത് ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ ചതയദിനാഘോഷത്തിൽ പങ്കെടുക്കാതെ പോയ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞിരുന്നു. ഡിസിസി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ തടഞ്ഞത്.
എന്നാൽ തന്നെ ആരും തടഞ്ഞിട്ടില്ലെന്ന് സതീശൻ പറഞ്ഞു. പ്രശ്‌നം ഉണ്ടെന്ന് കണ്ടപ്പോൾ താൻ കാറിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. കൂടുതൽ വഷളാകാതിരിക്കാനാണ് പിന്നീട് കാറിൽ തിരിച്ചുകയറിയത്.
ഇതിനിടെ മുഖ്യമന്ത്രി വി.ഡി.സതീശൻ വാഹനം തടഞ്ഞ ചേന്തി അനിലിനോട് കോപിച്ചു. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന് സതീശൻ പറഞ്ഞപ്പോൾ, 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും' എന്നാണ് അനിൽ തിരിച്ചു ചോദിച്ചത്. ഇതോടെ സംഘർഷാവസ്ഥയായി. പൊലീസ് ഇടപെട്ട് അനിലിനെ സ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചു. അനിലിനെതിരെ കേസെടുത്തിട്ടുണ്ട്.
ചേന്തി അനിലിനെ തനിക്ക് വ്യക്തിപരമായി അറിയില്ല. അദ്ദേഹത്തിന്റെ ഭാര്യയെ അറിയാം. അവർ മരിച്ചപ്പോൾ കാണാൻ പോയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
ചതയദിന പരിപാടിക്കായി മാസങ്ങൾക്ക് മുൻപ് തന്നെ മുഖ്യമന്ത്രിയുടെ തിയതി വാങ്ങിച്ചിരുന്നെന്നും പരിപാടിയിൽ പങ്കെടുക്കാതെ പോയതിനെതിരെ പ്രതിഷേധിച്ചത് ഇക്കാരണത്താൽ ആണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. വാഹനം നിർത്തിച്ച പ്രവർത്തകരോട് വണ്ടിയിൽ നിന്നും ഇറങ്ങിയ മുഖ്യമന്ത്രി വളരെ മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. എന്നാൽ അവസാന ദിവസം പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതോടെ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടർന്ന് സംഘാടകർ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു.