തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 6 മാര്‍ച്ച് 2015 (10:41 IST)
ചന്ദ്രബോസ് വധക്കേസിലെ പ്രതിയും വിവാദവ്യവസായിയുമായ മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ശ്രമങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത്. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്കിയ തെളിവുകളാണ് ഒരു വാര്‍ത്താചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. നിസാമിനെ രക്ഷിക്കാന്‍ ശ്രമം നടന്നതായി ആരോപിച്ച ചീഫ് വിപ്പ് അതിന് തെളിവുകളായി ശബ്‌ദരേഖകള്‍ അടങ്ങിയ സി ഡികളും ഒപ്പം ഒരു കത്തുമായിരുന്നു മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഈ കത്താണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
നിസാമിനെ രക്ഷിക്കണമെന്ന് മുന്‍ ഡി ജി പി എം എന്‍ കൃഷ്‌ണമൂര്‍ത്തി ജേക്കബ് ജോബിനോട് ആവശ്യപ്പെടുന്നതിന്റെ വിശദാംശങ്ങളാണ് തെളിവുകളില്‍ ഉള്ളത്. തന്റെ പരിമിതികള്‍ തുറന്നു പറയുന്ന ജേക്കബ് ജോബിനോട് ഇടയ്ക്ക് ശാസനയുടെ സ്വരത്തില്‍ സംസാരിക്കുന്നതും വ്യക്തമാണ്. രണ്ടരക്കോടിയുടെ തട്ടിപ്പു കേസിലും കൃഷ്‌ണമൂര്‍ത്തി ഇടപെട്ടെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
നിസാമിനെ രക്ഷിക്കണമെന്ന ഡി ജി പിയുടെ താല്പര്യം കൃഷ്‌ണമൂര്‍ത്തി ജേക്കബ് ജോബിനെ അറിയിച്ചു. കൂടാതെ, ഇക്കാര്യത്തില്‍ വസ്ത്ര - ആഭരണ വ്യാപാരിക്കും താല്പര്യമുള്ളതായി അറിയാമല്ലോ എന്നും തങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നും ജേക്കബ് ജോബിനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിനകം തന്നെ ഏഴുകോടിയിലധികം രൂപ നിസാമിനെ രക്ഷിക്കുന്നതിനായി പലയിടങ്ങളിലേക്കും പോയി കഴിഞ്ഞു എന്നും പി സി ജോര്‍ജ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.