ഹെല്‍മറ്റ് ധരിക്കാതെ പരസ്യമായി ബൈക്ക് റാലി നടത്തി

കൊല്ലം| WEBDUNIA|
PTI
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് സിനിമകളിലോ സീരിയലുകളിലോ പോലും ചിത്രീകരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ച് കേവലം 24 മണിക്കൂര്‍ പൊലും തികയും മുമ്പ് ഇതിനെതിരെ പരസ്യമായ നിയമ ലംഘനം നടന്നതായി റിപ്പോര്‍ട്ട്. കരുനാഗപ്പള്ളിയിലാണ്‌ കഴിഞ്ഞ ദിവസം പരസ്യമായി ഹെല്‍മറ്റില്ലാതെ ബൈക്ക് റാലി നടത്തിയത്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ലോക എയ്‍ഡ്സ് ദിനത്തോട് അനുബന്ധിച്ച് നഗരസഭ, യൂത്ത് പ്രൊമോഷന്‍ കൌണ്‍സില്‍ എന്നിവ സം‍യുക്തമായി സംഘടിപ്പിച്ച യുവസന്ദേശ് ബൈക്ക് റാലിയില്‍ പങ്കെടുത്തവരാണു ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചത്. അധികാരികളും പൊലീസും റാലിക്ക് സാക്‍ഷ്യം വഹിക്കുകയും ചെയ്തു. ഇതിനിടെ ഹെല്‍മറ്റിന്‍റെ കാര്യം ഏവരും മറന്നു എന്നു മാത്രം.

കരുനാഗപ്പള്ളി പുതിയകാവില്‍ നിന്ന് ആരംഭിച്ച റാലി നഗരസഭാ ചെയര്‍മാന്‍ അന്‍സാറാണ്‌ ഫ്ലാഗ് ഓഫ് ചെയ്തത്. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ബൈക്ക് റാലിക്ക് ആരോഗ്യ വകുപ്പിന്‍റെയും സഹകരണമുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :