സ്വകാര്യ ബസ് സമരം വ്യാഴാഴ്ച പിന്‍വലിക്കാന്‍ സാധ്യത. സമരം നടത്തുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ ഒരു ഒത്തുതീര്‍പ്പിന് ബസ്സുടമകള്‍ തയ്യാറായേക്കുമെന്നാണ് അറിയുന്നത്.
ബസുകള്‍ പിടിച്ചെടുത്ത് സര്‍വീസ് നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ബസ് സര്‍വീസുകള്‍ അവശ്യ സര്‍വീസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ എസ് ആര് ടി സി 1505 അധിക ട്രിപ്പുകള്‍ നടത്താനും തീരുമാനമായി. കോഴിക്കോട് ജില്ലയില്‍ സമരം ചെയ്യുന്ന ബസുകളുടെ പെര്‍മിററ് റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ പി ബി സലീം ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
എറണാകുളത്ത് സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകളുടെ മേല്‍വിലാസം പൊലീസിന് നല്‍കിയതായി ജില്ലാ കളക്ടര്‍ കെ എ ബീന അറിയിച്ചു. ജനങ്ങളുടെ സൌകര്യത്തിനായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു. ഇതിനായി ആറു സ്റ്റേറ്റ് കാരിയര്‍ സര്‍വീസ് നടത്തും. സ്കൂള്‍ ബസുകളും സര്‍വീസിനായി നിരത്തിലിറക്കും.
നിരത്തിലിറങ്ങാത്ത ബസുകളെക്കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടുമാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ സമരം അന്യായമാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ സമരത്തില്‍ നിന്നു പിന്മാറണമെന്നു മന്ത്രി ജോസ് തെറ്റയില്‍ ബസ് ഉടമകളോട് അഭ്യര്‍ഥിച്ചിരുന്നു. സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം ചോദിച്ച് ബുധനാഴ്ച മുതല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ബസ് ഉടമകളുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തുന്നുണ്ട്.