നായര്‍ മഹാസമ്മേളനം ഇന്ന്

തിരുവനന്തപുരം| WEBDUNIA|
നായര്‍ സര്‍‌വീസ് സൊസൈറ്റിയുടെ മഹാസമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുന്നോക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാരിന്‍റെ അവഗണനയും സംവരണം, വിദ്യാഭ്യാസം, ഈശ്വര വിശ്വാസം, ദേവസ്വം എന്നിവ സംബന്ധിച്ച തെറ്റായ നയങ്ങളും തിരുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ എസ് എസ് നല്‍‌കിയ നിവേദനത്തില്‍ യാതൊരു നടപടിയും ഉണ്ടാവാത്തതിലുള്ള പ്രതിഷേധ പ്രകടനമായി ഇന്നത്തെ സമ്മേളനം മാറും.

പകല്‍ 2.30ന് മ്യൂസിയം ജംഗ്ഷനില്‍ നിന്നും എന്‍എസ്എസ് നേതാക്കള്‍ നയിക്കുന്ന പ്രകടനം ആരംഭിക്കും. പ്രകടനത്തില്‍ അഞ്ച്‌ ലക്ഷത്തില്‍പ്പരം പേര്‍ പങ്കെടുക്കുമെന്ന്‌ കരുതുന്നു. വൈകിട്ട്‌ 5ന്‌ പുത്തരിക്കണ്ടം മൈതാനത്ത്‌ എന്‍ എസ്‌ എസ്‌ ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കരാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. പ്രസിഡന്‍റ്‌ പി വി നീലകണ്ഠപ്പിള്ള അദ്ധ്യക്ഷത വഹിക്കും.

അസിസ്റ്റന്‍റ്‌ സെക്രട്ടറി ജി സുകുമാരന്‍നായര്‍ സ്വാഗതം പറയും. യോഗത്തില്‍ പി എന്‍ നരേന്ദ്രനാഥന്‍നായര്‍, നെടുമങ്ങാട് ആര്‍ ഗോപാലന്‍നായര്‍ മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സംസാരിക്കും. കണ്‍വീനര്‍ എം സംഗീത്കുമാര്‍ നന്ദി പറയും.

സര്‍ക്കാരിന് നല്‍കിയിട്ടുള്ള നിവേദനത്തിലെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് ഇനിയും തയ്യാറാകാത്തപക്ഷം അടുത്തഘട്ടം ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് എന്‍ എസ് എസ് നേതൃത്വം വ്യക്തമാക്കി. ഹോസ്‌ദുര്‍ഗ്‌ മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള 6,200 കരയോഗങ്ങളിലെ അംഗങ്ങള്‍ അണിനിരക്കും. പ്രകടനക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി 600 വോളന്‍റിയര്‍മാരെയും 300 വിമുക്തഭടന്മാരെയും എന്‍ എസ് എസ് സമ്മേളന വേദികളില്‍ വിന്യസിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :