അനാശാസ്യത്തിന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് സീരിയല്‍ നടിയെ അറസ്റ്റു ചെയ്തതിന് പിന്നില്‍ ഗൂഢാലോചന നടന്നതായി സൂചന. പരാതിക്കാരിയായ യുവതി, നടിയെ ബോധപൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായി കേസ് അന്വേഷിക്കുന്ന ഉദോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. നടിക്ക് പെണ്‍വാണിഭ സംഘങ്ങളുമായോ പ്രമുഖ വ്യക്തികളുമായോ അടുപ്പമുള്ളതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അടുത്തകാലത്ത് ഫോണിലൂടെ പരിചയപ്പെട്ട ബന്ധമാണു തനിക്കു സീരിയല്‍ നടിയുമായിട്ടുള്ളതെന്നായിരുന്നു പരാതിക്കാരി പറഞ്ഞിരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷം മുമ്പ് ഒരു ജ്വല്ലറിയുടെ തലശേരി ശാഖയില്‍ സീരിയല്‍ നടിയും പരാതിക്കാരിയും ഒരുമിച്ചു ജോലി ചെയ്തിരുന്നതായി പൊലീസിനു സൂചന ലഭിച്ചു.
ഇതുകൊണ്ടാണു സംഭവത്തില്‍ ഗൂഢാലോചന നടന്നതായി പോലീസ് സംശയിക്കുന്നത്. മാത്രമല്ല സീരിയലില്‍ അഭിനയിക്കണമെന്നും അതിന് അവസരമുണ്ടാക്കിത്തരണമെന്നും ഗ്രീഷ്മയോടു പരാതിക്കാരി പറഞ്ഞിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തന്നെ സീരിയല്‍ നടി അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നതായി യുവതി സഹപ്രവര്‍ത്തകരോട് വിവരം പറഞ്ഞതിനേ തുടര്‍ന്ന് നയപരമായി ഇവരെ വിളിച്ചുവരുത്തി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. അനാശാസ്യ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് സീരിയല്‍ നടിക്കു മേല്‍ ചുമത്തിയിരിക്കുന്നത്.