ഒവൈസിയുടെ ‘അസുഖം’ അറസ്റ്റ് ഒഴിവാക്കാനുള്ള നാടകം?

ഹൈദരാബാദ്| WEBDUNIA|
PTI
PTI
സാമുദായിക വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയ ആന്ധ്രപ്രദേശ് മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയെ ഹൈദരാബാദില്‍ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്കു ഹാജരാകണമെന്ന് അന്വേഷണ സംഘം ഒവൈസിയോട് ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനിലെത്താന്‍ ഒവൈസി സമയം ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വൈദ്യ പരിശോധനയ്ക്കു ഹാജരാക്കിയത്. വിവാദ പ്രസംഗത്തിനു പിന്നാലെ ഒവൈസി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ലണ്ടനില്‍ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച തിരിച്ചെത്തിയെങ്കിലും പൊലീസ് സ്റ്റേഷനില്‍ ഹാജരായില്ല. തുടര്‍ന്ന് ഒവൈസിയുടെ വസതിയിലെത്തിയ പൊലീസ് ചികിത്സാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. പൊലീസിന് പിടികൊടുക്കാതിരിക്കാനാണോ ആശുപത്രിയില്‍ പ്രവേശിച്ചതെന്ന സംശയത്തെ തുടര്‍ന്നാണ് അദ്ദേഹത്തോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

ഒവൈസിയെ അറസ്റ്റ് ചെയ്യാത്തതില്‍ ബിജെപി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഒവൈസിയുടെ പിന്തുണ ആവശ്യമുള്ളതിനാലാണ് അറസ്റ്റിന് മുതിരാത്തത് എന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.

വിദ്വേഷ പടര്‍ത്തുന്ന പ്രസംഗത്തിന്റെ പേരില്‍ ഒവൈസിയ്ക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. അതിനിടെ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒവൈസി ആന്ധ്രപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :