അഴിമതി: പാക് പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്

ഇസ്‌ലാമാബാദ്‌| WEBDUNIA|
PTI
PTI
പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷറഫിനെതിരെ അറസ്റ്റ് വാറണ്ട്. ഊര്‍ജനിലയ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അഷറഫിനെതിരെ പാകിസ്ഥാന്‍ സുപ്രീം‌കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഉടന്‍ തന്നെ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കണമെന്നാണ്‌ ഉത്തരവ്‌. പ്രധാനമന്ത്രിയടക്കം 16 പേര്‍ക്കെതിരെയാണ്‌ അറസ്റ്റ്‌ വാറണ്ട്.

ഊര്‍ജ, ജല മന്ത്രിയായിരിക്കെ വൈദ്യുതി പ്ലാന്റ്‌ സ്ഥാപിക്കാന്‍ ഒന്‍പതു കമ്പനികള്‍ക്ക്‌ അനുമതി നല്‍കിയതു വഴി 22,000 കോടി പാകിസ്ഥാന്‍ രൂപയുടെ അഴിമതി നടത്തിയെന്നാണ്‌ രാജാ പര്‍വേസ്‌ അഷറഫിനെതിരായ ആരോപണം. നാഷണല്‍ അക്കൗണ്ടബിലിറ്റി അതോറിറ്റി നേരത്തെ ഇതു സംബന്ധിച്ച്‌ അന്വേഷിച്ച്‌ ഇദ്ദേഹത്തിനെതിരെ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു.

ഇതിനെതിരെ രാജാ പര്‍വേസ്‌ അഷറഫ്‌ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണു സുപ്രീംകോടതി ഉടന്‍ അറസ്റ്റിന്‌ ഉത്തരവിട്ടത്‌. അതേസമയം, രാജാ പര്‍വേസ്‌ അഷറഫിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന്‌ അയോഗ്യനാക്കിയിട്ടില്ല.

പാകിസ്ഥാന്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മതപണ്ഡിതന്‍ മുഹമ്മദ്‌ താഹിറുള്‍ ഖദ്രിയുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനു പേര്‍ ഇസ്‌ലാമാബാദില്‍ പ്രക്ഷോഭം നടത്തുന്നതിനിടെയാണു സുപ്രീംകോടതി വിധി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :