സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഡോ. ശ്രീറാമും ഡോ. ആല്‍ബി ജോ വര്‍ഗീസും എറണാകുളം ജില്ലയുടെ അഭിമാനങ്ങളാണെന്ന് അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി രാമചന്ദ്രന് പറഞ്ഞു. ആതുരസേവനത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട ശ്രീറാമിനും ആല്‍ബിക്കും സമൂഹത്തിന്റെ സ്പന്ദനമറിഞ്ഞ് പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച കരിയര്‍ കോക്ലേവില് ഐഎഎസ് വിജയികള്‍ക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണരംഗത്ത് കേരളത്തിന്റെ സാന്നിധ്യം വീണ്ടും ശക്തമാകുതിന് തുടക്കമാണ് ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ കൈവരിച്ച നേട്ടമെന്നും എഡിഎം അഭിപ്രായപ്പെട്ടു. ഡോ. വി ശ്രീറാമിനും ഡോ.ആല്‍ബി വര്‍ഗീസിനും എഡിഎം പുരസ്കാരങ്ങള്‍ നല്കി.
പ്ലസ് ടു പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടിയ അപര്‍ണ്ണ സത്യനാഥും, അക്ഷയ് സണ്ണിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിഎം പി മായാദേവിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. തുടര്‍ന്ന് റാങ്ക് ജേതാക്കളുമായി സംവാദം നടന്നു. സിവില്‍ സര്‍വീസ് പരീക്ഷ ഒരു ബാലി കേറാമലയല്ലെന്നും അറിവും ആശയവിനിമയ പാടവവും പടിപടിയായി ആര്ജിച്ചെടുത്താല് വിജയം സുനിശ്ചിതമാണെന്നും ഐഎഎസ് വിജയികള്‍ പറഞ്ഞു. മികച്ച സര്‍വകലാശാലകളിലെ പഠനം സമൂഹവുമായുള്ള ബന്ധം എന്നിവയും വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കും. മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ ആര് ശ്രീകാന്തന് അധ്യക്ഷത വഹിച്ചു.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം എന്‍ പ്രഭാകരന്, എസ്ബിടി മാനേജര്‍ കെ വി രമണ, ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ കെ രാജപ്പന്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെന്നി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.