സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ നല്ല തമ്പി അന്തരിച്ചു

വയനാട്‌| WEBDUNIA| Last Modified വ്യാഴം, 17 ജൂണ്‍ 2010 (10:52 IST)
പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ നല്ല തമ്പി തേര അന്തരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വയനാട്ടിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട്‌ ഏറെക്കാലമായി നിയമ യുദ്ധം നടത്തിയ വ്യക്‌തിയായിരുന്നു ഡോ നല്ല തമ്പി. ആദിവാസി ബില്‍ നേടിയെടുക്കുന്നതിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയതിലൂടെയാണ്‌ ഡോ നല്ല തമ്പി പ്രശസ്‌തനായത്‌.

ഇന്ദിരാഗാന്ധിക്കെതിരെയും രാജീവ് ഗാന്ധിക്കെതിരെയും മത്സരിച്ച് പ്രശസ്തനായ വ്യക്തി കൂടിയാണ് ഡോ നല്ല തമ്പി. 1977ല്‍ റായ്ബറേലിയിലും 1980ല്‍ ചിക്കമഗളൂരിലും ഇന്ദിരാഗാന്ധിക്കെതിരെയും 1984ല്‍ അമേഠിയില്‍ രാജീവ്‌ ഗാന്ധിക്കെതിരെയും മത്സരിച്ചിട്ടുണ്ട്‌.

1977 ല്‍ ജനതാപാര്‍ട്ടിയിലെ രാജ്‌ നാരായണ്‍ വിജയിച്ചപ്പോള്‍ ഇന്ദിരാഗാന്ധിക്കു പിന്നില്‍ മൂന്നാമനായെത്താന്‍ ഡോ നല്ലതമ്പിക്കു കഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു അവര്‍ക്കെതിരെ 1977ല്‍ തമ്പി മത്സരിച്ചത്‌. എന്നാല്‍, കുടുംബാധിപധ്യത്തിന് എതിരായ വികാരമാണ് രാജീവ്ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തമ്പിയെ പ്രേരിപ്പിച്ചത്.

1976 മുതലാണ് വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഡോക്ടറായി നല്ല തമ്പി സേവനമനുഷ്ഠിച്ചു തുടങ്ങിയത്. വയനാട്ടിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ 1984ല്‍ ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജസ്റ്റിസ്‌ പരിപൂര്‍ണന്‍റെ നിര്‍ദേശപ്രകാരം കല്‍പറ്റയില്‍ കെ എസ് ആര്‍ ടി സി പ്രത്യേകം യോഗം വിളിച്ചു ചേര്‍ത്തിരുന്നു. തുടര്‍ന്നാണ്‌ വയനാട്ടിലേക്ക്‌ കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചത്‌.

തിരുവനന്തപുരം ജില്ലയില്‍ പരമാനന്ദന്‍റെയും ജെസിയുടെയും മകനായി ജനിച്ച ഇദ്ദേഹം മാര്‍ ഇവാനിയോസ്‌ കോളജില്‍ നിന്നാണ്‌ ബിരുദം നേടിയതിനു ശേഷമാണ് എം ബി ബി എസ് കരസ്ഥമാക്കിയത്. 1973ല്‍ മലപ്പുറം ജില്ലയിലെ വണ്ടൂരിലായിരുന്നു ആദ്യ നിയമനം. പിന്നീടാണ് വയനാട്ടിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :