സരിതയുടെ മൊഴി അട്ടിമറിച്ചത് സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് എല്‍ഡിഎഫ്. ഇക്കാര്യം ഇടതുമുന്നണി ആവശ്യപ്പെടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു. സരിതയുടെ മൊഴിപ്പകര്‍പ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഗൗരവതരമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
മന്ത്രിക്കും എംഎല്‍എയ്ക്കും പങ്കുണ്ടെന്ന ആരോപണം ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു. ഇതേസമയം സോളാര്‍ കേസില്‍ ഉള്‍പ്പെട്ട പ്രമാണികളുടെ പേര് പുറത്തുവരാതിരിക്കാനുള്ള കള്ളക്കളികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും പന്ന്യന്‍ പറഞ്ഞു.
ഇതിനിടെ സരിതയുടെ മൊഴിയുടെ പേജുകളുടെ എണ്ണം കുറഞ്ഞുവെന്ന ആരോപണം ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താമെന്ന് മന്ത്രി കെസി ജോസഫ്. ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച് പ്രതിപക്ഷം ചര്‍ച്ചക്ക് തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.