കൊല്ലം|
Last Updated:
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (19:42 IST)
വെള്ളാപ്പള്ളി നടേശന്‍ സി പി എമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സമുദായ താല്‍പ്പര്യ പ്രകാരമല്ല എസ് എന്‍ ഡി പി ബിജെപിയുമായി അടുക്കുന്നതെന്നും അതിനുപിന്നില്‍ വെള്ളാപ്പള്ളിയുടെ വ്യക്തിതാല്‍പ്പര്യമാണെന്നും പിണറായി ആരോപിച്ചു.
കൊല്ലത്ത് വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കവേയാണ് പിണറായി വിജയന്‍ വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ചത്. ഗുരുവില്‍ അല്‍പ്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആര്‍ എസ് എസിനോട് അടുക്കാന്‍ ശ്രമിക്കില്ല. ഗുരുദേവദര്‍ശനത്തിന് വിരുദ്ധമായ പാതയിലൂടെ എസ് എന്‍ ഡി പിയെ നയിക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ലെന്നും പിണറായി വിജയന്‍ തുറന്നടിച്ചു.
എല്‍ ഡി എഫിനെ വിജയിപ്പിക്കാന്‍ എസ് എന്‍ ഡി പി ഇറങ്ങിയപ്പോഴൊക്കെ യു ഡി എഫാണ് ജയിച്ചത്. ഇതാണ് അവരുടെ ശക്തി. ആലപ്പുഴ എസ് എന്‍ ഡി പിക്ക് ശക്തിയുള്ള പ്രദേശമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാണ് അവിടെ എസ് എന്‍ ഡി പി രംഗത്തിറങ്ങിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ ജയിച്ചത് യു ഡി എഫ് ആയിരുന്നു - പിണറായി പരിഹസിച്ചു.
അതേസമയം, വരുന്ന തെരഞ്ഞെടുപ്പില്‍ പ്രാദേശിക എസ് എന്‍ ഡി പി നേതൃത്വങ്ങളുമായി ധാരണയുണ്ടാക്കണമെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുടെ യോഗത്തില്‍ പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.