ടി പി ചന്ദ്രശേഖരന്‍റെ വധത്തേക്കുറിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് മൌനം ദീക്ഷിച്ചത് തന്നെ വേദനിപ്പിച്ചെന്ന് കെ കെ രമ. ടി പി യുടെ മരണത്തേക്കുറിച്ചും തന്‍റെ പ്രശ്നങ്ങളെക്കുറിച്ചും അവര്‍ ഒരു പരാമര്‍ശവും നടത്തിയില്ല. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണല്ലോ അവര്‍ - രമ ചൂണ്ടിക്കാട്ടി.
ജെ എന്‍ യുവില്‍ ടി പി ചന്ദ്രശേഖരന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമ.
ജന്‍മിത്വ - നാടുവാഴിത്ത വ്യവസ്ഥക്കെതിരെ സമരം നടത്തിയവര്‍ ഇന്ന് അപചയത്തിലാണ്ട സി പി എമ്മിനോടുതന്നെ പൊരുതുകയാണ്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് അതിന്‍റെ ഭാഗമായാണ്. ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന് ശേഷമുള്ള കൊടുങ്കാറ്റിന്‍റെ ഭാഗമായാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത് - രമ പറഞ്ഞു.
കൊന്നുകളയാന്‍ മാത്രം ടി പി എന്തു തെറ്റാണ് ചെയ്തത്? അതിന്‍റെ കാരണം അറിഞ്ഞേ മതിയാകൂ. അത് പ്രകാശ് കാരാട്ട് വ്യക്തമാക്കണം - രമ ആവശ്യപ്പെട്ടു.