വേളൂര്‍ എസ്.എന്‍.ഡി.പിക്ക് സമീപം എഴുപത്തുരണ്ടുകാരിയായ വൃദ്ധയെ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊട്ടുപ്പള്ളില്‍ (പണ്ടാരത്തുപറമ്പില്‍) ഗോവിന്ദന്റെ ഭാര്യ ലക്ഷ്‌മിയാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ബഹളം കേട്ട് ഉണര്‍ന്നെണീറ്റ ലക്ഷ്‌മിയുടെ ഭര്‍ത്താവും മകനും പുറത്തെത്തിയപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍ ലക്ഷ്‌മിയുടെ ശരീരമായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ലക്ഷ്മിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചിരുന്നു.
ലക്ഷ്‌മിയും ഭര്‍ത്താവ് ഗോവിന്ദനും ഇളയ മകന്‍ സുരേഷും ഒരുമിച്ചാണ് താമസം. സുരേഷ് വിവാഹിതനാണ്. പുലര്‍ച്ചെ ലക്ഷ്‌മി എഴുന്നേറ്റു പോകുന്നത് ഭര്‍ത്താവു കണ്ടിരുന്നു. മുറ്റത്തു നിന്ന് ബഹളം കേട്ട് ഓടിയെത്തുമ്പോള്‍ കത്തിക്കരിഞ്ഞു കിടക്കുന്നതാണ് കണ്ടത്. റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ മണ്ണെണ്ണ ജാര്‍ തൊട്ടടുത്തു തന്നെ കിടപ്പുണ്ടായിരുന്നു. ലക്ഷ്‌മിയുടെ മരണം ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.
പ്രായമായതിനാല്‍ ജോലിക്കു പോകരുതെന്ന് മക്കള്‍ പറഞ്ഞതില്‍ മനം നൊന്താണ് ലക്ഷ്മി ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വെസ്റ്റ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ഫിന്നി വര്‍ഗീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.