കൊട്ടിയം |
M. RAJU|
Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2008 (10:50 IST)
കൊട്ടിയത്തെ കന്യാസ്ത്രീമഠത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വനിതാകമ്മിഷന്‍ ആരോപിച്ചു.
ആത്മഹത്യശ്രമം നടന്ന ദിവസം കുട്ടികളെ കൌണ്‍സിലിംഗിന് വിധേയമാക്കിയ വൈദിക വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊട്ടിയം നിത്യസഹായമാതാ ബാലിക സദനത്തിലെ അന്തേവാസികളായ സൂസമ്മ, ഗോപിക എന്നിവരെയാണ് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവം നടന്ന ദിവസം തിരുവനന്തപുരം രൂപതയിലെ ഒരു വൈദികന്‍ മഠം സന്ദര്‍ശിച്ചിരുന്നുവെന്നും കുട്ടികളെ കൌണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. ഇതിന് ശേഷമാണ് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ ജസ്റ്റിസ് ശ്രീദേവി കുട്ടികളെ കാണാന്‍ ശ്രമിച്ചുവെങ്കിലും അതിനായില്ല.
കഴിഞ്ഞ ദിവസം ഉച്ചവരെ ഐ.സി.യുവില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികളെ ഉച്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. കുട്ടികളുടെ ആത്മഹത്യശ്രമത്തില്‍ ദുരൂഹതയുണ്ടെന്ന് ജസ്റ്റിസ് ശ്രീദേവി പിന്നീട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശിഥിലീകരിക്കപ്പെട്ട കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികളെയാണ് മഠം സംരക്ഷിക്കുന്നതെന്നും ഇവര്‍ക്ക് മാനസിക വ്യഥ ഉണ്ടാകുവാനുള്ള ഒന്നും നടന്നിട്ടില്ലെന്നും മഠത്തിന്‍റെ ചുമതലയുള്ള സിസ്റ്റര്‍ ആല്‍ബര്‍ട്ടോ മേരി പറഞ്ഞു. സംഭവത്തില്‍ ഒരു വൈദികവിദ്യാര്‍ത്ഥിക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തിട്ടുണ്ട്.