കോഴിക്കോട് ജില്ലയില്‍ കോടഞ്ചേരിയില്‍ വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കിനെതിരെ പ്രതിഷേധം ശക്തമായി. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. കോഴിക്കോട് കോടഞ്ചേരിയിലുള്ള എസ് ബി ഐ ബാങ്കാണ് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത്. തുടര്‍ന്ന് വായ്പ നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
അതേസമയം, വായ്പ നിഷേധിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ബാങ്കിനോട് വിശദീകരണം ആവശ്യപ്പെടാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു.
കളക്ടടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ വായ്പ കൊടുക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
പ്രതിഷേധ പ്രകടനവും ധര്‍ണയും നടക്കുന്ന എസ് ബി ഐ ബാങ്കിനു മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വായ്പ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് കല്ലന്തറമേട് ചൊള്ളംപുഴയില്‍ സി ജെ തോമസ് ഇന്നലെയായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തോമസ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ സി യുവിലാണ്. അപേക്ഷിച്ചിട്ട് എട്ടു മാസം പിന്നിട്ടിട്ടും വിദ്യാര്‍ഥിനിക്കു വായ്പ നല്‍കിയിട്ടില്ല.