കരുതല്‍ ധനാനുപാതം ഉയര്‍ത്തി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (12:49 IST)
PRO
നാണയപ്പെരുപ്പം ആശങ്കാജനകമായി ഉയര്‍ന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാത നിരക്ക് ഉയര്‍ത്തി. അഞ്ച് ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായാണ് നിരക്ക് ഉയര്‍ത്തിയത്. രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നതില്‍ റിസര്‍വ് ബാങ്ക് ചെയര്‍മാന്‍ ഡി സുബ്ബറാവു നിരവധി തവണ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

നാണയപ്പെരുപ്പം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചേക്കുമെന്ന് ആശങ്ക പരക്കുന്നതിനിടെയാണ് റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം ഉയര്‍ത്തിയിരിക്കുന്നത്. 75 ബേസിസ് പോയിന്‍റ് അടിസ്ഥാനത്തിലാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍, കടുത്ത തീരുമാനം എന്നാണ് വിപണി വിദഗ്ദ്ധര്‍ റിസര്‍വ് ബാങ്കിന്‍റെ നടപടിയെ വിശേഷിപ്പിച്ചത്. 50 ബേസിസ് പോയിന്‍റ് അടിസ്ഥാനത്തില്‍ നിരക്ക് ഉയര്‍ത്തുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തെ നാണയപ്പെരുപ്പം 7.31 ശതമാനമായി ഉയര്‍ന്നിരുന്നു. ഭക്‍ഷ്യ വസ്തുക്കളുടെ വില ഉയര്‍ന്നതാണ് നാണയപ്പെരുപ്പം കുതിച്ചുയരാന്‍ കാരണമായത്. രാജ്യത്തെ ഭക്‍ഷ്യ വിലപ്പെരുപ്പം കഴിഞ്ഞയാഴ്ച 17.4 ശതമാനമായി ഉയര്‍ന്നിരുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :